അങ്കമാലി: കറുകുറ്റിയിൽ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാൻറ് ചെയ്തു. പെരുമ്പാവൂർ കാത്തിരക്കാട് കളപ്പുരയ്ക്കൽ അനസ്, ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, ശംഖമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെയാണ് അങ്കമാലി ജെ.എഫ്.സി.എം കോടതി റിമാൻറ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. തികളാഴ്ച രാവിലെ 7 മണിയോടെയാണ് രണ്ടു വാഹനങ്ങളിൽ കഞ്ചാവുമായെത്തിയ ഇവരെ റൂറൽ ജില്ലാ ആൻറി നാർക്കോട്ടിക്ക് സെപ്ഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടുന്നത്. കാറിന്‍റെ ഡിക്കിയിലും സീറ്റുകൾക്കിടയിലും ആയി ഒളിപ്പിച്ച് 123 പായ്ക്കറ്റുകളിലായി കൊണ്ടുവന്ന 225 കിലോ കഞ്ചാവാണ് പിടികൂടിയത്.
കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞതെന്ന് എസ്.പി കാർത്തിക് പറഞ്ഞു. ഒരു മാസത്തിലേറെയായി ഈ സംഘം റൂറൽ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിലെ ഒറീസ, ജാർഖണ്ഡ് അതിർത്തിയായ പഡേരു ഗ്രാമത്തിൽ നിന്നാണ് സംഘം കഞ്ചാവ് കൊണ്ടുവന്നത്. ഇവിടെ നിന്നാണ് പലസംസ്ഥാനങ്ങളിലേക്കും കഞ്ചാവിന്‍റെ വിതരണം നടക്കുന്നത്. ഇതിന് മലയാളികൾ ഉൾപ്പടെയുള്ള ഏജന്റുമാർ അവിടെയുണ്ട്.
കഞ്ചാവിന്‍റെ സാമ്പിൾ കാണിച്ച് വിലയുറപ്പിച്ച ശേഷം ഏജൻറുമാർ തന്നെ വാഹനം കൊണ്ടുപോയി വാഹനത്തിൽ നിറച്ച് തിരിച്ചേൽപ്പിക്കുകയാണ് പതിവ്. കഴിഞ്ഞദിവസം പിടികൂടിയ അനസ് ഒന്നര വർഷമായി പഡേരുവിലേക്ക് സഞ്ചരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഫൈസലും യാത്രകളിൽ ഒപ്പമുണ്ടാകാറുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കും. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.