കോതമംഗലം : നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ ; പദ്ധതി നിർഘനീഭവിപ്പിക്കുന്ന മുറയ്ക്ക് തുടർ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുൾ റഹിമാൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചായിരുന്നു എം എൽ എ യുടെ ചോദ്യം.പ്രസ്തുത പാതയിൽ വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയും വിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റം വരുത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുകയും,പ്രസ്തുത പദ്ധതിയുടെ നിർമ്മാണം വേഗത്തിൽ ആരംഭിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.അങ്കമാലി – ശബരി റെയിൽവേ ലൈനിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി ചിലവിന്റെ 50 ശതമാനം കേരള സർക്കാർ വഹിക്കുന്നതാണ് എന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.തുടർന്ന് പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കുന്നതിന് റെയിൽവേ ബോർഡ് കെ റെയിലിനോട് നിർദ്ദേശിക്കുകയുണ്ടായി.
റെയിൽവേ ബോർഡ് ഗതിശക്തി ഡയറക്ട്രേറ്റുമായുള്ള ചർച്ചകൾക്ക് ശേഷം അങ്കമാലി – എരുമേലി – ശബരി പദ്ധതിയുടെ റിവൈസ് എസ്റ്റിമേറ്റ് റെയിൽവേയുടെ അംഗീകാരത്തിനായി 23.12.2022 ൽ സമർപ്പിക്കുകയും ചെയ്തു.പ്രസ്തുത റിപ്പോർട്ട് ദക്ഷിണ റയിൽവേ 10.01.2023 ൽ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുകയും ചെയ്തു.ടി റിപ്പോർട്ട് ഇപ്പോൾ റെയിൽവേ ബോർഡിൽ പരിശോധനാഘട്ടത്തിലാണ്.പ്രസ്തുത പദ്ധതി ദക്ഷിണ റെയിൽവേയുടെ 2022-23 ലെ പിങ്ക് ബുക്കിൽ ടോക്കൺ പ്രൊവിഷനോടുകൂടി ഇടം പിടിച്ചിട്ടുണ്ട്.റെയിൽവേയുടെ നിർദ്ദേശപ്രകാരം കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടും പുതുക്കിയ എസ്റ്റിമേറ്റും പ്രകാരം 3745 കോടി രൂപയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്.പുതുക്കിയ എസ്റ്റിമേറ്റും ഡി പി ആറും റെയിൽവേ ബോർഡ് പരിശോധിച്ചു വരികയാണ്.അങ്കമാലി – ശബരി റെയിൽവേ ലൈനിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പദ്ധതി ചിലവിന്റെ 50% കേരള സർക്കാർ വഹിക്കുന്നതാണ് എന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2X25 കെവി എസി ഒഎച്ച്ഇ കൂടി ഉൾപ്പെടുത്തി വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഓടിക്കാൻ കഴിയും വിധമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.എസ്റ്റിമേറ്റ് തുക 3726.57 കോടി രൂപയാണ്.ശബരി പദ്ധതി നിർഘനീഭവിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എത്രയും പെട്ടെന്ന് തുടങ്ങണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് സംസ്ഥാന റെയിൽ വകുപ്പ് മന്ത്രി കത്ത് അയച്ചിരുന്നു.തുടർന്ന് ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി 18.09.2021 ലെ കത്തിലൂടെ കേന്ദ്ര റെയിൽ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.കൂടാതെ 17.08.2022 ന് ബഹുമാനപ്പെട്ട കേന്ദ്ര റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും അങ്കമാലി – ശബരി ഉൾപ്പെടെയുള്ള പദ്ധതികൾ പ്രധാന അജണ്ടയായി വന്നിട്ടുള്ളതാണ്.പ്രസ്തുത ചർച്ചയെ ആസ്പദമാക്കി,പദ്ധതിയുടെ അംഗീകാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകുകയും ചെയ്തു.
പ്രസ്തുത പദ്ധതി ദക്ഷിണ റെയിൽവേയുടെ 2022-23 ലെ പിങ്ക് ബുക്കിൽ ഐറ്റം നമ്പർ 2 പ്രകാരം ഇടം പിടിച്ചിരുന്നു.വരുന്ന കേന്ദ്ര ബജറ്റിലും പദ്ധതിക്ക് മതിയായ തുക വകയിരുത്തി പിങ്ക് ബുക്കിൽ ഉൾക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.പദ്ധതി നിർഘനീഭവിക്കുന്ന മുറയ്ക്ക് തുടർ നടപടി ക്രമങ്ങളുമായി റെയിൽവേ മുന്നോട്ട് പോകുമെന്നും മന്ത്രി വി അബ്ദുൾ റഹിമാൻ നിയമസഭയിൽ ആന്റണി ജോൺ എം എൽ എ യെ അറിയിച്ചു.