പെരുമ്പാവൂർ/ കോതമംഗലം: ആലുവ മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ ( SH 16 ) ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെ ഉള്ള ഭാഗത്തെ അലൈൻമെന്റ് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ കല്ലിടൽ നാളെ മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. അശമന്നൂർ ഗ്രാമപഞ്ചായത്തിലെ എ എം റോഡിലെ പാച്ചുപിള്ളപ്പടിയിൽ നാളെ (വെള്ളി )ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കല്ലിടൽ കർമ്മങ്ങൾക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ആന്റണി ജോൺ എംഎൽഎ, എന്നിവർ സംയുക്തമായി നേതൃത്വം നൽകും.
23 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കപ്പെടുക. ആകെ 38.281 km ( പഴയ ദൂരം 35.2km ) ദൈർഘ്യമാണ് പുതിയ റോഡിനുള്ളത്.107.078 ഏക്കർ സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടതുണ്ട് . ഇതിൽ 17 കിലോമീറ്റർ റോഡും പെരുമ്പാവൂർ നിയോജകമണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. പെരുമ്പാവൂരിൽ ടൗൺ ഒഴിവാക്കി നിർദ്ദിഷ്ട ബൈപ്പാസിലൂടെയാണ് പാത കടന്നുപോകുന്നത്.
നിലവിലുള്ള റോഡിൽ നിന്നും വളവുകൾ നിവർത്തിയാണ് നാലുവരിപ്പാത അലൈൻമെന്റ് കടന്നുപോകുന്നത് . പോഞ്ഞാശ്ശേരി,ചെമ്പറക്കി ,ചെകുത്താൻ വളവ് എന്നിവിടങ്ങളിലെ വളവുകളിലാണ് നിലവിലുള്ള റോഡിൽ നിന്നും റോഡ് നേരയാക്കി അലൈൻമെന്റ് മാറിയിരിക്കുന്നത്.
ടൗൺ ആരംഭിക്കുന്നതിനു മുമ്പ് പാലക്കാട്ടുതാഴത്തുനിന്നും നിർദ്ദിഷ്ട ബൈപ്പാസിലൂടെ മരുത് ജംഗ്ഷനിൽ എത്തുന്ന വിധം നാലുവരി പാതയായി ഇവിടെ പാത കടന്നു പോകുന്നുന്നതാണ്. അലൈൻമെന്റ് അംഗീകാരമായിട്ടുള്ള സ്ഥലം ഏറ്റെടുപ്പു നടപടികൾ ഇനി വേഗത്തിലാകും. സ്ഥലം ഏറ്റെടുപ്പ് നടപടികൾക്കായി 653 കോടി രൂപ എഫ് ബി നേരത്തെ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും , സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പരാതികൾ പരിഹരിക്കാനും സത്വര നടപടികൾ സ്വീകരിക്കുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു.
നാളത്തെ ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ, ആന്റണി ജോൺ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ എം സലിം, ലതാഞ്ജലി മുരുകൻ, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, വാർഡ് മെമ്പർ അജാസ് യൂസഫ്, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ, റവന്യൂ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.