കോതമംഗലം: ബ്രിട്ടിഷുകാർ നിർമിച്ച പഴയ ആലുവ- മൂന്നാർ റോഡ് പുനർനിർമിക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ആലുവയിൽ നിന്നും മൂന്നാറിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. കയറ്റങ്ങളും, വളവ് തിരിവുകളും നന്നേ കുറവുമാണ്. ഒരു വാണിജ്യ പാതയെന്ന നിലയിൽ തന്ത്ര പ്രധാന റോഡായി ഇതിനെ മാറ്റാം. ടൂറിസത്തിനും ഗുണകരമാകും. വലിയ തോതിൽ മരം മുറിയോ, വന നശീകരണമോ വേണ്ടി വരില്ല. കോതമംഗലം, ഇടുക്കി ജില്ലകളുടെ ഉൾ മേഖലകളുടെ വലിയ വികസന മുന്നേറ്റത്തിന് ഇത് വഴി തുറക്കും. കീരംപാറ, കുട്ടമ്പുഴ, പൂയംകുട്ടി, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നീ മേഖലകൾക്ക് ഏറെ ഗുണം ചെയ്യും.
മാതൃകാ ഹരിത പാതയായി റോഡ് പുനർ നിർമിക്കണമെന്ന് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന് വലിയ സാങ്കേതിക തടസങ്ങൾ ഇല്ല. വിശദമായ സർവേയുടെ ആവശ്യവുമില്ല. ഭൂരിപക്ഷം സ്ഥലങ്ങളിലും മൺ പാത ഉണ്ട്. ഈ റോഡ് നിയമപരമായി പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ളതാണ്. വനം വകുപ്പാണ് മുഖ്യമായും തടസം നിൽക്കുന്നത്. വകുപ്പുകളുടെ ഏകോപനത്തിലൂടെ ഈ മേഖലയുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായ ഈ റോഡ് വീണ്ടും സഞ്ചാര യോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,