കോതമംഗലം : പഴയ ആലുവ – മൂന്നാർ റോഡിന്റെ (രാജപാത ) വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ആന്റണി ജോൺ എംഎൽഎ, കുട്ടമ്പുഴ സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ അരുൺ വലിയ താഴത്ത് എന്നിവരാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൂടിക്കാഴ്ച നടത്തിയത്.
രാജപാതയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും,രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരം സംഘടിപ്പിച്ചതിന്റെ പേരിൽ അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിനും, ജനപ്രതിനിധികൾക്കും എതിരെ വനം വകുപ്പ് എടുത്തിട്ടുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം മുഖ്യമന്ത്രിയ്ക്ക് കൈമാറി. എല്ലാവരുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘാംഗങ്ങൾ പറഞ്ഞു.
