കോതമംഗലം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന് കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് പുരസ്ക്കാരം നൽകി ആദരിച്ചു. ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കോവിഡ് മഹാമാരി ക്കാലത്ത് കോവിഡ് രോഗികളുടെ ഒരു അഭയ കേന്ദ്രമായിരുന്നു അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ്. കോവിഡ് രോഗികൾക്ക് ടാക്സി വാഹനത്തിലും പൊതുഗതാഗത സംവിധാനത്തിലും സ്വന്തം വാഹനങ്ങളിൽ പോലും യാത്രകൾ നിഷേധിച്ചപ്പോൾ ക്ലബ്ബ് പ്രവർത്തകർ പ്രത്യേകം തയ്യാറാക്കിയ രണ്ട് സ്വകാര്യ വാഹനങ്ങളും ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ആബുലൻസിലും സൗജന്യ സേവനം ലഭ്യമാക്കി, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്ക്കാര ചടങ്ങുകൾ ക്ലബ്ബ് പ്രവർത്തകർ ഏറ്റെടുത്ത് നടത്തി, കോവിഡ് രോഗികൾക്ക് വിവിധ ഹോസ്പിറ്റലുകളിൽ ആവശ്യമായ ബെഡ് സ്പൈസ് ഒരുക്കി യഥാസമയങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്നതോടൊപ്പം ആവശ്യമായ മരുന്നുകളും എത്തിച്ച് നൽകി.
അടിവാട് ടൗണും വിവിധ സ്ഥാപനങ്ങളും ദൈനം ദിനം അണുവിമുക്ത ശുചീകരണം നടത്തി .കൂടാതെ കോവിഡ് രോഗികൾ അധിവസിച്ചിരുന്ന ഒട്ടനവധി വീടുകൾ കോതമംഗലം താലൂക്കിലെ വിവിധ സ്ഥാപനങ്ങളും സൗജന്യമായി സാനിറ്റൈസ് ചെയ്ത് നൽകി.കൂടാതെ പല്ലാരിമംഗലം സി എച്ച് സി യിൽ കോവിഡ് ടെസ്റ്റിനും വാക്സിൻ എടുക്കാൻ വരുന്നവരും കൂട്ടം കൂടാതിരിക്കുവാനും തന്മൂലം രോഗവ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്തി രണ്ട് മാസക്കാലം ക്ലബ് പ്രവർത്തകർ സൗജന്യ വോളന്റിയർ സേവനം നൽകി. കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ ചെയ്യാനാകാതെ വീടുകളിൽ കഴിഞ്ഞ ഒട്ടനവധി നിർദ്ധന കുടുംബാംഗങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിച്ച് നൽകി. ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയതിനാലാണ് ക്ലബ്ബ് ഇത്തരം പുരസ്ക്കാരത്തിന് അർഹരായത്.
പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഗ്രാമപഞ്ചായത്ത് അംഗം എ എ രമണൻ യുവജന ക്ഷേമ ബോർഡ് പഞ്ചായത്ത് കോ-ഓഡിനേറ്റർ ഹക്കീം ഖാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് യു എച്ച് മുഹിയുദ്ധിൻ സ്പോർട്സ് ഓർഗനൈസർ ഇൻചാർജ് അബിൻസ് അബ്ദുൾ കരീം തുടങ്ങിയവർ ചേർന്ന് പുരസ്ക്കാരം എറ്റു വാങ്ങി.