അടിമാലി: അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ ഇന്ന് വെളുപ്പിന് ദേശീയ പാതയിൽ നടത്തിയ റെയ്ഡിൽ 38 ലിറ്റർ വ്യാജ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം വില്ലേജിൽ ചാത്തമറ്റം കരയിൽ കൂറ്റപ്പിള്ളിൽ ജിറ്റോ കെ സേവ്യർ (36) എന്നയാളെയാണ് അടിമാലി എക്സൈസ് സംഘം പിടികൂടിയത്. രണ്ടേകാൽ ലിറ്റർ, ഒരു ലിറ്റർ, അര ലിറ്റർ കുപ്പികളിലായി മുപ്പത്തി ഒന്ന് കുപ്പികളിൽ നിറച്ച മുപ്പത്തി എട്ട് ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ 7 എൽ 6292 നമ്പർ മാരുതി 800 കാറും കസ്റ്റഡിയിലെടുത്തു. വട്ടവട ഭാഗത്തുള്ള ഹോം സ്റ്റേ നടത്തുന്ന മറവിൽ വിനോദസഞ്ചാരികൾക്ക് മദ്യ വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണിയാൾ.
വ്യാജമദ്യത്തിൻ്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും അന്വേഷണം വ്യാപിപ്പിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ലിറ്ററിന് ആയിരം രൂപ നിരക്കിൽ വട്ടവടയിൽ മദ്യം വിൽപ്പന നടത്തുന്നതായി പ്രതിയായ ജിറ്റോ സമ്മതിച്ചു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ കെ കെ സുരേഷ്കുമാർ പ്രിവൻ്റീവ് ഓഫീസർ വി പി സുരേഷ് കുമാർ, കെ പി ബിനു മോൻ, സി വിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ഉണ്ണിക്കൃഷ്ണൻ കെ പി ,എക്സൈസ് ഡ്രൈവർ ശരത് എസ് പി എന്നിവർ പങ്കെടുത്തു.