കോതമംഗലം: കോതമംഗലം നഗരസഭയിലെ ഡംപിംഗ് യാര്‍ഡില്‍ 6.08 കോടി രൂപ ചിലവഴിച്ചു കൊണ്ട് ബയോ മൈനിംഗ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ അറിയിച്ചു. ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ കെഎസ്ഡബ്ല്യുഎംപി ഒന്നാംവര്‍ഷ (202223) പദ്ധതിയില്‍ 96 ലക്ഷം രൂപയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ബയോ കന്‌പോസ്റ്റര്‍ ബിന്‍ സ്ഥാപിക്കല്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ ലെവല്‍, ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കല്‍,നഗരസഭയിലെ വിവിധ സ്ഥലങ്ങളില്‍ സാനിട്ടറി നാപ്കിന്‍ ഇന്‍സിനറെറ്റര്‍ സ്ഥാപിക്കല്‍,വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ്, എംസിഎഫ് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് നടപ്പിലാക്കി വരുന്നത്.
ഖരമാലിന്യ പരിപാലന പ്ലാന്‍ അന്തിമമാക്കുന്നതിന് അനുസരിച്ച് തുടര്‍വര്‍ഷങ്ങളിലെ പദ്ധതികള്‍ നടപ്പിലാക്കും. നഗരസഭയിലെ കുമ്പളത്തുമുറി ഡംപ് യാര്‍ഡിലെ മാലിന്യ നിക്ഷേപം ബയോമൈനിംഗ് നടത്തി വീണ്ടെടുക്കുന്നതിന് 6.08 കോടി രൂപയുടെ പദ്ധതി കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന്റെ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് മുഖേനയും നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.



























































