പെരുമ്പാവൂർ :എംസി റോഡിൽ കഴിഞ്ഞ മൂന്ന് ആഴ്ചകൾക്കിടയിൽ വ്യത്യസ്ത നാല് അപകടങ്ങളിലായി അഞ്ച് മരണങ്ങൾ ഉണ്ടായിരിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടണമെന്നും , ദുരന്തങ്ങൾ ആവർത്തിച്ച് മനുഷ്യ ജീവിതം പൊലിയുന്നത് തടയുവാനുള്ള ശ്രമങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു ..കഴിഞ്ഞ മാർച്ച് പത്താം തീയതി ബൈക്കിന് പിന്നിൽ ടാങ്കർ ലോറി ഇടിച്ച് 68 വയസ്സുകാരിയായ മാളിയേക്കൽ റോസിയാണ് മരണപ്പെട്ടത് .ഏപ്രിൽ ഒന്നിന് കാലടി പഞ്ചായത്തിന് സമീപം ഉണ്ടായ അപകടത്തിൽ വട്ടത്തറ ദേവസ്വംകുടി റോസി എന്ന 75 കാരിയാണ് ലോറി ഇടിച്ച് മരണപ്പെട്ടത് .പുല്ലുവഴിയിൽ ഒന്നാം തീയതി തന്നെ വളാഞ്ചേരി വി കെ സദൻ 54 വയസ്സ് അപകടത്തിൽ മരണപ്പെട്ടിരുന്നു .
ഇതിന് പിന്നാലെയാണ് ബൈക്കിന് പിന്നിൽ ടോറസ് ഇടിച്ച് കോതമംഗലം സ്വദേശിയായ എൽദോയും നേഴ്സിങ് വിദ്യാർഥിനിയായ മകൾ ബ്ലെസ്സിയും തൽക്ഷണം മരണപ്പെട്ടത് .എം സി റോഡിൽ നിരന്തരമായി ഇത്തരം അപകടങ്ങൾ നടക്കുന്നതിന് പുറമേ ആലുവ ( പെരുമ്പാവൂർ – കോതമംഗലം ) മൂന്നാർ റോഡിലും ആറോളം പേർ ഈ കാലയളവിൽ മരണപ്പെട്ടിട്ടുണ്ട് .ഈ രണ്ടു റോഡുകളിലും ടിപ്പറുകളും ടോറസുകളും ഉൾപ്പെടെയുള്ളവയുടെ വേഗത നിയന്ത്രിച്ചേ മതിയാകൂ എന്ന് എംഎൽഎ ഗതാഗത വകുപ്പിനോടും , ആഭ്യന്തരവകുപ്പിനോടും ആവശ്യപ്പെട്ടു .ഉയർന്ന എസി ക്യാബിനിൽ ഇയർഫോൺ വച്ചാണ് പല ടോറസ് ഡ്രൈവർമാരും വണ്ടിയോടിക്കുന്നത്.ചെറുവാഹനങ്ങളെ ശ്രദ്ധിക്കുകയോ റോഡ് മര്യാദ കാണിക്കുകയോ ചെയ്യാത്ത ഹെവി മോട്ടോർ വാഹനങ്ങളെ നിയന്ത്രിക്കാൻ തയ്യാറായില്ലെങ്കിൽ അവയെ തെരുവിൽ തടയാൻ ജനങ്ങളോടൊപ്പം താൻ മുന്നിട്ടിറങ്ങുമെ ന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു . അമിത ലാഭം പൂണ്ട് അമിത ലോഡ് കയറ്റി മണ്ഡലത്തിലെ റോഡുകൾ തകരുകയാണ്. ആവശ്യമായ റോഡ്സുരക്ഷ അടയാളങ്ങളും ,ദിശ സൂചക അടയാളങ്ങളും പലയിടങ്ങളിലും ഇല്ലാതായിരിക്കുന്നു .രാത്രികാലങ്ങളിൽ പലയിടത്തും പ്രകാശമില്ലാത്തതും അപകടം സൃഷ്ടിക്കുന്നുണ്ട് . ക്യാമറ വച്ച് ജനങ്ങളെ പിഴിയുന്ന സർക്കാർ ജനങ്ങൾക്ക് ആവശ്യമായ റോഡ് സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ തയ്യാറാകണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ആവശ്യപ്പെട്ടു .