കോതമംഗലം: അപകടങ്ങള്‍ പതിവായതോടെ നേര്യമംഗലം-ഇടുക്കി റോഡിലെ അപകട വളവുകള്‍ നിവര്‍ത്തണമെന്ന ആവശ്യം ശക്തമായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടു വര്‍ഷം മുന്പ് റോഡ് നവീകരണം നടത്തിയെങ്കിലും കൊടുംവളവുകളൊന്നും നേരെയാക്കിയില്ല. റോഡിന്റെ വീതി കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ആഴ്ച നേര്യമംഗലം മണിയന്‍പാറയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് വളവ് വീശിയെടുത്തപ്പോഴാണ്.
കൊടും വളവുകളുള്ള റോഡിന്റെ ഒരു വശം മലനിരയും മറുവശം താഴ്ചയുമാണ്. എതിരെ വരുന്ന ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ വളവ് തിരിഞ്ഞ് അടുത്തെത്തുന്‌പോഴാണ് കാണാനാകുക. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും വിദൂര കാഴ്ച മറയ്ക്കുന്നു. മഴക്കാലത്ത് റോഡില്‍ വാഹനങ്ങള്‍ തെന്നിനീങ്ങിയും അപകടത്തില്‍പ്പെടുന്നുണ്ട്. റോഡ് ടാര്‍ ചെയ്ത്, അടയാളപ്പെടുത്തി, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം വീതി കൂട്ടി വളവുകള്‍ നിവര്‍ത്തി അപകടരഹിതമാക്കാന്‍ റോഡ് സുരക്ഷ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
