കോതമംഗലം: അഭിരാമീ എന്ന് വിളിക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവൾ ഇന്ന് തിരിഞ്ഞു നോക്കും. കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ അലയടിക്കും. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം. സ്‌കൂളിൽ പോയി പഠിക്കണം. അങ്ങനെയുള്ള ആഗ്രഹങ്ങളുടെ യാത്രയിലാണ് ഇടമലക്കുടിയിലെ ഈ പത്തു വയസ്സുകാരി. മന്ത്രി കെ. രാധാകൃഷ്ണന്റെ ഇടപെടൽ മൂലമാണ് അഭിരാമിക്ക് ശ്രവണ സഹായി ലഭ്യമായത്.അഭിരാമി ഇന്നലെ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തി. കേൾവിയുടെ ലോകം അഭിരാമിക്ക് സ്വന്തമായതിന് നന്ദി പറയാൻ വന്നതാണെന്ന് അഛൻ ശിവൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് 29ന് ഇടമലക്കുടി റോഡിന്റെ നിർമാണോദ്ഘാടനത്തിന് സൊസൈറ്റിക്കുടിയിലെത്തിയപ്പോഴാണ് മന്ത്രി,ജന്മനാ ബധിരയായ അഭിരാമിയെ കാണുന്നത്. തുടർന്ന് ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിൽസയ്ക്കാവശ്യമായ തുക നൽകുകയായിരുന്നു.
കേൾവി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമെ അഭിരാമിക്കും മാതാപിതാക്കൾക്കും തിരുവനന്തപുരത്ത് ചികിത്സയ്ക്കായി വന്നു പോകുന്നതിനുള്ള ചെലവും സർക്കാർ നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, കണ്ണാശുപത്രി, നാഷണൽ സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് [നിഷ്] തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ വിദഗ്ധ പരിശോധന നടത്തി. നിഷിലെ ചികിൽസയ്ക്കൊടുവിൽ കേൾവി ഉപകരണം ഘടിപ്പിക്കുകയായിരുന്നു. നേരത്തെ മൂന്നാർ പ്രീ മെട്രിക്ക് ഹോസ്റ്റലിൽ നിന്ന് സ്കൂളിൽ പോയെങ്കിലും ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങിയിരുന്നു. സൊസൈറ്റിക്കുടിയിലെ സ്‌കൂൾ യു പി ആക്കി ഉയർത്തിയതോടെ അഭിരാമിയെ ഇനി ഇവിടെ ചേർക്കും. എന്തായാലും ഒരു കുരുന്നിന്റെ പുഞ്ചിരിയുടെ സന്തോഷത്തിൽ താനും പങ്കുചേരുന്നതായി മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു . അഭിരാമിക്ക് കൂട്ടായി നിന്ന മാതാപിതാക്കൾ, ദേവികുളം എം എൽ എ.എ രാജ , ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രൻ, നിഷിലെയും പട്ടികവർഗ വികസന വകുപ്പിലെയും ജീവനക്കാർ തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങൾ മന്ത്രി നേർന്നു