കോതമംഗലം : അയിരൂര്‍പാടം ആമിന അബ്ദുള്‍ ഖാദറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു . പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ തൃക്കാരിയൂര്‍ വില്ലേജില്‍ അയിരൂര്‍പാടം പാണ്ട്യാര്‍പിളളില്‍ വീട്ടില്‍ മാര്‍ച്ച് 7 ന് നടന്ന ആമിന അബ്ദുള്‍ ഖാദര്‍ (66വയസ്സ്) കൊലപാതക കേസിലെ പുരോഗതിയെ സംബന്ധിച്ച് ആന്റണി ജോണ്‍ എം എല്‍ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് . കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് അടിയന്തിരമായി നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും എം എല്‍ എ സഭയില്‍ ആവശ്യപ്പെട്ടു. ആമിന അബ്ദുള്‍ ഖാദര്‍ എന്ന സ്തീയുടെ മരണവുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷന്‍ ക്രൈം നം.434/2021 U/S 302, 397 IPC പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ക്രൈം നം.257/CB/EKM/R/2021 പ്രകാരം റീ നമ്പര്‍ ചെയ്ത് കേസിന്റെ ഈര്‍ജ്ജിത അന്വേഷണം നടത്തി വരുന്നതായും,ഈ കേസ്സിലെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ നാര്‍ക്കോ അനാലിസിസ് പരിശോധന നടത്തുന്നതിനുള്ള അനുമതി ബഹു. കോടതിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും . ഇവരെ നാര്‍ക്കോ അനാലിസിസ് പരിശോധനയ്ക്ക് അയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.