കോതമംഗലം : മാമലക്കണ്ടത്ത് ജനവാസമേഖലയിൽ ഈറ്റവെട്ടാൻ പോയ അഞ്ച് പേർക്ക് നേരെ കടുവയുടെ ആക്രമണം. ഓടി രക്ഷപ്പെടുന്നതിനിടയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാമലക്കണ്ടം കാര്യാട് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിൽ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.മാമലക്കണ്ടം കണ്ടച്ചാൽ സജി, ഭാര്യ സോഫ്, താമാകുന്നേൽ സണ്ണി, ഭാര്യ സോഫി, പ്ലാത്തോട്ടത്തിൽ നിർമ്മല എന്നിവരാണ് ഈറ്റ ശേഖരിക്കാൻ പോയത്. പാറയോട് ചേർന്ന് നിന്ന ഈറ്റവെട്ടുവാനായി നിർമ്മല സ്ഥലത്തിൻ്റെ മുകൾ ഭാഗത്തേക്ക് കയറിച്ചെല്ലുന്നതിനിടെയാണ് മരച്ചുവട്ടിൽ കിടന്നിരുന്ന കടുവ ചാടി എഴുന്നേറ്റ് ഇവർക്ക് നേരെ പാഞ്ഞടുത്തത്. വെട്ടിയ ഈറ്റയും കയ്യിലുണ്ടായിരുന്ന പണി ആയുധങ്ങളും ഉപേക്ഷിച്ച് ഇവർ പ്രാണ രക്ഷാർത്ഥം ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ വീണ് നിർമ്മലക്ക് നടുവിന് പരിക്കേറ്റു.സണ്ണിക്ക് വീണ് കാലിനും പരിക്കുണ്ട്. സണ്ണിയുടെ ഭാര്യ സോഫിക്ക് ശ്വാസം മുട്ടലും ബോധക്കേടും ഉണ്ടായി.
അപകടത്തിൽ പ്പെട്ടവരും വിവരം അറിഞ്ഞെത്തിയ നാട്ടുകാരും ചേർന്ന് വാർഡ് മെമ്പർ സൽമാ പരീദിനെ വിവരം അറിയിച്ചു. വാർഡുമെമ്പർ അറിയിച്ചതിനെ തുടർന്ന് കട്ടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി കടുവ കിടന്നിരുന്ന സ്ഥലവും പരിസരവും പരിശോധിച്ച് കടുവയുടെ സാന്നിദ്ധ്യം സ്ഥിരീ കരിച്ചതായി നാട്ടുകാർ പറഞ്ഞു. ഉൾവനത്തിൽ ചൂട് വർദ്ധിച്ചതും വെള്ളവും തീറ്റയും ദൗർലഭ്യം നേരിടുന്നതുമാകാം കടുവ ജനവാസ മേഖലയിലറങ്ങാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മാമുക്കണ്ടത്ത് പല ഭാഗങ്ങളിലും ജനവാസ മേഖലയിൽ മുൻപും കടുവയുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. അടിയന്തരമായി പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തുന്നതിനൊപ്പം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാൻ നടപടി ഉണ്ടാകണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷണം ഉറപ്പ് വരുത്തണമെന്നും മാമലക്കണ്ടം സെൻറ് ജോർജ് ഇടവക വികാരി ഫാ.മാത്യു മുണ്ടക്കൽ ആവശ്യപ്പെട്ടു.