കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന
മൂന്നാമത് ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനം “സ്റ്റാം 25” ന് തിരിതെളിഞ്ഞു.
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. ദീപാങ്കർ ബാനർജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റാം- 25 കോഡിനേറ്റർ ഡോ. മേരിമോൾ മൂത്തേടൻ സ്വാഗതം ആശംസിച്ചു . ടെറി നാച്ചുറലി സ്ഥാപകൻ ടെറൻസ് ജോസഫ് ലെമറോൺഡ്, ഡോ. കുരുവിള ജോസഫ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി വർഗീസ്,ഡോ. സാനു മാത്യു സൈമൺ എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. ഡോ. ബെന്നി ആൻറണി,ഡോ. ദീപ കുഷലാനി, ഡോ. യാസ്മിൻ അഹമദ്, ഡോ. ഇംതിയാസ് ഖമർ, ഡോ. നിലന്തി ബാലകൃഷ്ണൻ, ഡോ. പി എസ് അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ജനുവരി 8 മുതൽ 10 വരെ നടക്കുന്ന സമ്മേളനത്തിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ പ്രശസ്തരായ 26 ൽ പരം ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുകയും,സംസാരിക്കുകയും ചെയ്യും. വ്യവസായ – അക്കാദമിയ സഹകരണം ശക്തിപ്പെടുത്തുന്നതിന് ട്രിവാൻഡ്രം എഞ്ചിനീയറിങ് സയൻസ് &ടെക്നോളജി റിസേർച്ച് പാർക്ക് ചെയർമാൻ പ്രൊഫ. സാബു തോമസിന്റെ നേതൃത്വത്തിൽ തുറന്ന ചർച്ചയും സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത ചർച്ചയിൽ ഡോ. ബെന്നി ആൻറണി (അർജുന നാച്ചുറൽസ്, ആലുവ ), ഡോ. എം. ആർ. എ. പിള്ള (മോളിക്കുലാർ സൈക്ലോട്രോൺ), ഡോ. ശ്രീരാജ് ഗോപി ( മോളിക്യൂൾസ്), ഡോ. അനു യമുന ജോസഫ് (പ്രീമോഡിയ ലൈഫ് സയൻസ്, കൊച്ചി ) തുടങ്ങിയ ശാസ്ത്ര പ്രതിഭകൾ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമായി 330ൽ പരം പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.