കോതമംഗലം: മാമലക്കണ്ടം ചാമപ്പാറക്ക് സമീപം കൊല്ലപ്പാറയില്‍ വനമേഖലയില്‍ ഉരുള്‍ പൊട്ടി. ചെറിയ രീതിയിലുള്ള ഉരുള്‍ പൊട്ടലായതു കൊണ്ട് ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായില്ല. മഴ കനത്താല്‍ സമീപത്തെ വീട്ടുകാരോട് മാറി താമസിക്കണമെന്ന് വനം വകുപ്പും പഞ്ചായത്തും ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കി. ഉരുള്‍ പൊട്ടിയത് പുലര്‍ച്ചെയായതിനാല്‍ ആരും അറിഞ്ഞില്ല. രാവിലെ വെള്ളം കുത്തിയൊലിച്ച് വരുന്നതു കണ്ട് നോക്കിയപ്പോഴാണ് ഉരുള്‍പ്പൊട്ടല്‍ ദൃശ്യം കണ്ടത്. ഉരുള്‍പ്പൊട്ടിയിടത്ത് നിന്ന് വലിയ പാറക്കല്ലും മണ്ണും പതിച്ചത് രണ്ട് സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിലേക്കും റോഡിലേക്കുമാണ്. സ്ഥലത്തുണ്ടായിരുന്ന ചെറിയ നീര്‍ച്ചാലിന് ഉരുള്‍ പൊട്ടലില്‍ വീതി കൂടി.
ചെമ്പകശേരി ബാലകൃഷ്ണന്‍, വാഴയില്‍ ബിജു എന്നിവരുടെ കൃഷിയിടത്തിലേക്കാണ് കല്ലും മണ്ണും പതിച്ചത്. ഇവരുടെ അര ഹെക്ടറിലെ കൃഷിയിടം കല്ലും മണ്ണും വന്ന് മൂടി. ബാലകൃഷ്ണന്റെ 20 റബര്‍മരങ്ങളും നശിച്ചു. മലമുകളില്‍ ഉരുള്‍പ്പൊട്ടി 150 മീറ്റര്‍ താഴ്ചയിലേക്കാണ് പാറക്കല്ലും മണ്ണും പതിച്ചത്. മഴ കനത്താല്‍ ഇവിടെ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ഏഴ് വീട്ടുകാര്‍ക്ക് നേരിട്ടെത്തിയാണ് അറിയിപ്പ് നല്‍കിയത്. പഞ്ചായത്തംഗം സല്‍മ പരീത്, പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റര്‍ ജെയ്മോന്‍, റെയ്ഞ്ച് ഓഫീസര്‍ ട്രെയ്നി ഹാഷിഫ് മുഹമ്മദ്, ബി.എഫ്.ഒ.മാരായ വിനീഷ്‌കുമാര്‍, മുഹമ്മദ് സ്വാലിക് തുടങ്ങിയവര്‍ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി.