കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് പോലീസ് സർജനെ നിയമിക്കണമെന്ന് സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വനമേഖലയോട് ചേർന്ന് കിടക്കുന്ന 5 പഞ്ചായത്തുകൾ കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി ആദിവാസികുടികൾ കുട്ടമ്പുഴ പഞ്ചായത്തിലുണ്ട്. ഇവിടെ നിന്നടക്കം സ്വഭാവിക മരണം സംഭവിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോലും പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് പതിവായിരിക്കുന്നു.
പോലീസ് സർജ നില്ലാത്തതിനാൽ സമീപ മണ്ഡലങ്ങളിലെ ആശുപത്രികളിലേക്ക് മൃതദേഹവുമായി പോകേണ്ട ഗതികേടിലാണ് കോതമംഗലത്തുകാർ.
ഈ സാഹചര്യത്തിൽ കോതമംഗലത്ത് പോലീസ് സർജനെ നിയമിക്കാൻ നടപടിയുണ്ടാകണമെന്ന് അധികാരികളോട് സി പി ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എം എസ് ജോർജ് അധ്യക്ഷനായ യോഗത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി.കെ രാജേഷ്, ജില്ലാ അസി. സെക്രട്ടറി ശാന്തമ്മ പയസ്സ് , സെക്രട്ടറി പി.റ്റി ബെന്നി , റ്റി സി ജോയി, പി.എം ശിവൻ, അഡ്വ ജ്യോതികുമാർ എന്നിവർ പങ്കെടുത്തു
