കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30 ഓടെയാണ് ലോറി മറിഞ്ഞത്. ദേശീയപാത നവീകരണ പണികളുടെ ഭാഗമായി കലുങ്ക് പണിക്കായി പാറമക്ക് ഇട്ട ഭാഗത്തെത്തിയപ്പോള്‍ ലോറിയുടെ ചക്രം താഴ്ന്ന് ചെരിയുകയായിരുന്നു. നീണ്ടപാറയില്‍നിന്ന് റബര്‍ തടിയുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ചെരിഞ്ഞ ലോറിയില്‍നിന്ന് തടി മറ്റൊരു ലോറിയിലേക്ക് മാറ്റി. ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി രത്രി 9.30 ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഇരുഭാഗത്തുമായി സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിയിരുന്നു.
