കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
രാത്രി എത്തുന്ന ആനകള്‍ പുലര്‍ച്ചയോടെയാണ് വനത്തിലേക്ക് മടങ്ങുന്നത്. ആളുകള്‍ ഉറക്കമിളച്ച് കൃഷിയിടങ്ങള്‍ക്ക് കാവലിരുന്നിട്ടും കൂട്ടത്തോടെ എത്തുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ ചവിട്ടിമെതിച്ചും തിന്നും നശിപ്പിക്കുകയാണ്. തേങ്ങ്, വാഴ, കമുക്, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയാണ് ആനകള്‍ നശിപ്പിച്ചിരിക്കുന്നത്. കൃഷിയെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്ക് ജീവിതം വഴിമുട്ടിയിരിക്കുകയാണ്. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം നല്‍കണമെന്നും കര്‍ഷകനായ കെ.കെ.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.