കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചാലയിൽ പുത്തൻപുര വീട്ടിൽ നാരായണമാരാരുടെയും ശാരദാമ്മയുടെയും മകൾ സരിതമോളുടെ സ്മരണയ്ക്കായി, അമ്മ ശാരദാമ്മയും, സരിതമോളുടെ സഹോദരന്മാരായ ഉണ്ണിയും നളിനാക്ഷനും ചേർന്ന് വാരപ്പെട്ടി പഞ്ചായത്തിൽ സാമൂഹ്യ സേവന പദ്ധതിക്കായി 10 സെന്റ് ഭൂമി എഴുതി നൽകി.
ഒൻപതാം വാർഡ് മെമ്പർ പ്രിയ സന്തോഷ് ഗൃഹ സമ്പർക്കം നടത്തി വരുന്ന വേളയിൽ തങ്ങൾക്ക് 10 സെന്റ് ഭൂമി സന്നദ്ധ സേവനത്തിനായി വിട്ട് നൽകാൻ താല്പര്യമുണ്ടെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായരോടും ഈ കുടുംബം അവരുടെ ആഗ്രഹം അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അധികാരികളോടും പഞ്ചായത്ത് കമ്മിറ്റിയിലും ടി വിഷയം അവതരിപ്പിക്കുകയും ഇവരുടെ മാതൃകാപരമായ തീരുമാനത്തെ അംഗീകരിച്ച് സ്ഥലം ഏറ്റു വാങ്ങുവാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. വാരപ്പെട്ടി – പുതുപ്പാടി പി ഡബ്ല്യു ഡി റോഡ് സൈഡിലുള്ള ലക്ഷങ്ങൾ വിലവരുന്ന സ്ഥലമാണ് കുടുംബം ദാനമായി നൽകിയത്.
വാർഡ് മെമ്പറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽപോത്താനികാട് സബ് രജിസ്റ്റർ ഓഫീസിൽ ആധാരം ചെയ്തശേഷം അങ്കണവാടി കലോത്സവ വേദിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ , കെ എം സയ്യിദ്, എം എസ് ബെന്നി,ദീപാ ഷാജു,വാർഡ് മെമ്പർ പ്രിയ സന്തോഷ്, മറ്റുജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർആധാരം ഏറ്റുവാങ്ങി. ഈ സ്ഥലത്ത് വയോജന സൗഹൃദ മന്ദിരം പ്രവർത്തികൾ ഉടനെ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു