പെരുമ്പാവൂര്‍: കൈകള്‍ ബന്ധിച്ച് ഏഴ് കിലോമീറ്റര്‍ വേമ്പനാട്ട് കായല്‍ നീന്തികടന്ന് 10 വയസുകാരി വൈഗ സുമേഷ്. കുറുപ്പംപടി രായമംഗലം ചിറപ്പടി സുമേഷ് നായരുടെയും നീതുവിന്റെയും മകളും പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വൈഗ 1.4 മണിക്കൂര്‍കൊണ്ടാണ് നീന്തിക്കടന്നത്. ശനിയാഴ്ച രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവില്‍നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റര്‍ നീന്തിയാണ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.
കൈകള്‍ ബന്ധിച്ച് ഏഴു കിലോമീറ്റര്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ഏറ്റവും വേഗത്തില്‍ ചെയ്ത വ്യക്തിയും ആദ്യത്തെ പെണ്‍കുട്ടിയും വൈഗയാണ്. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബിലെ പരിശീലകന്‍ ബിജു തങ്കപ്പനാണ് പരിശീലനം നല്‍കിയത്. അനുമോദന സമ്മേളനം വിമല സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സീനിറോസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.പി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.