കോതമംഗലം: കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ വ്യാപാര വിരുദ്ധ നിലപാടിനെതിരെ കോതമംഗലം മര്‍ച്ചന്റ് അസോസിയേഷന്‍ യൂത്ത്‌വിംഗ് ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ്-19 പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നും വ്യാപാരമേഖലയ്ക്ക് ഒരു സഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ വ്യാപാരികളെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനെതിരായി യൂത്ത്‌വിംഗ് കോതമംഗലം ടൗണ്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തുകള്‍ അയച്ചത്.
കോതമംഗലം ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് ബേബി തോമസ് യൂത്ത്‌വിംഗ് പ്രസിഡന്റ് ഷെമീര്‍ മുഹമ്മദിന് പ്രതിഷേധ കത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ യൂത്ത്‌വിംഗ് പ്രസിഡന്റ് ഷെമീര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറാര്‍ എസ്.കെ. പ്രസാദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ലിബിന്‍ മാത്യു സ്വാഗതവും അര്‍ജുന്‍ സ്വാമി നന്ദിയും പറഞ്ഞു.