കോതമംഗലം : കോഴിപ്പിള്ളി പോത്താനിക്കാട് റോഡിന്റെ പിടവൂർ പീടികപ്പടി മുതൽ കോതമംഗലം നിയോജക മണ്ഡലത്തിന്റെ അതിർത്തിയായ മാവുടി സ്കൂൾപടി വരെയുള്ള ഭാഗം ബിഎം ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന ജോലികൾകൾക്ക് തുടക്കമായി. രണ്ട് കോടി രൂപയാണ് ഇതിനായി പൊതുമരാമത്ത് വകുപ്പ് നീക്കിവച്ചിട്ടുള്ളത്. 2018 ലെ പ്രളയം കഴിഞ്ഞ ഉടനെതന്നെ റോഡ് നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ച് ഭരണാനുമതി നൽകിയതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നിർമ്മാണ ജോലികൾ വൈകുകയായിരുന്നു.
ആറ് തവണയോളം വർക്ക് ടെണ്ടർ പബ്ലിഷ് ചെയ്തെങ്കിലും വർക്കെടുക്കുവാൻ കോൺട്രാക്ടർമാർ ആരും മുന്നോട്ട് വരാതിരിന്നതാണ് നിർമ്മാണം വൈകാൻ കാരണം. ഇപ്പോൾ എല്ലാ തടസ്സങ്ങളും നീങ്ങി നിർമ്മാണ ജോലികൾ ആരംഭിക്കുവാൻ കഴിഞ്ഞു. പിടവൂരിനും അടിവാട് ജംഗ്ഷനുമിടയിൽ രൂക്ഷമായ വെള്ളക്കെട്ടുള്ള ആറിടങ്ങളിൽ കട്ടവിരിക്കുന്ന ജോലികൾ കഴിഞ്ഞാലുടൻ ടാറിംഗ് ജോലികൾ ആരംഭിക്കുമെന്ന് എം എൽ എ ആന്റണി ജോൺ പറഞ്ഞു.