കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണം നീല (മുൻഗണനേതര സബ്സിഡി)കാർഡ് ഉടമകൾക്ക് നാളെ (8/05/2020) മുതൽ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. താലൂക്കിൽ ഏകദേശം 22000ത്തോളം നീല കാർഡ് ഉടമകളാണുള്ളത്. ഇവർക്കാവശ്യമുള്ള ഭക്ഷ്യകിറ്റുകൾ മുഴുവൻ റേഷൻ കടകളിലേക്കും എത്തിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. നാലു ഘട്ടമായി അന്ത്യോദയ അന്നയോജന,മുൻഗണന,സബ്സിഡി,മുൻഗണന ഇതര കാർഡുകൾ എന്ന ക്രമത്തിലാണ് ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണം നടത്തി വരുന്നത്. ഇതിൽ 3800 ഓളം എ എ വൈ കാർഡുകൾക്കും 23000 പിങ്ക് കാർഡുകൾക്കുമുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം 90% പൂർത്തിയായിട്ടുണ്ട്.
റേഷൻ കടകളിലെ തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി റേഷൻ കാർഡിൻ്റെ നമ്പർ അടിസ്ഥാനത്തിലാണ് ഭക്ഷ്യ കിറ്റ് വിതരണം ക്രമീകരിച്ചട്ടുള്ളത്.ഇതനുസരിച്ച് 8 ആം തീയതി പൂജ്യം (0),9 ആം തീയതി ഒന്ന് (1),പതിനൊന്നാം തീയതി രണ്ട്,മൂന്ന് (2,3),പന്ത്രണ്ടാം തീയതി നാല്,അഞ്ച് (4,5),പതിമൂന്നാം തീയതി (6,7),പതിനാലാം തീയതി (8,9) എന്നിങ്ങനെ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്കായി ട്ടാണ് വിതരണം ക്രമീകരിച്ചിരിക്കുന്നതെന്നും,നീല കാർഡുകൾക്കുള്ള കിറ്റ് വിതരണത്തിനു ശേഷം വെള്ള കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
ഫോട്ടോ :കാരക്കുന്നം സെൻ്റ് മേരീസ് പള്ളിയിലെ പാരീഷ് ഹാളിൽ പൂർത്തിയാക്കിയ കിറ്റുകൾ റേഷൻകടയിലേക്ക് ആൻ്റണി ജോൺ എംഎൽഎ കൈമാറുന്നു.