ഇടുക്കി : ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിവഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വെളുപ്പിന് 1.48 ന് അദേഹം ഇഹലോകവാസം വെടിഞ്ഞു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷകൾ മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾക്കനുസൃതമായിരിക്കും ശവസംസ്കാര ശുശ്രൂഷകൾ.
മേയ് 4ന് രാവിലേ 8.30 മുതൽ 9.30 വരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും ,തുടർന്ന് 9.30 ന് പിതാവിന്റെ സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും. 1 മണി മുതൽ 4 മണി വരെ കുഞ്ചിത്തണ്ണിയിലേ ആ നിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് 6 മണിക്ക് വാഴത്തോപ്പ് കത്തീഡ്രൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ പൊതുദർശനത്തിന് വയ്ക്കും. 2.30 ന് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ മാർ.ജോർജ് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും, കേരളത്തിലേ വിവിധ രൂപതകളിലേ മെത്രാൻ മാർ സംബന്ധിക്കും.
കടപ്ളാമറ്റം ആനിക്കുഴിക്കാട്ടിൽ ലൂക്കാ (കുട്ടി) – കുരുവിനാൽ കൊട്ടാരം ഏലിക്കുട്ടി (കുഞ്ഞേലി) ദമ്പതികളുടെ പതിനഞ്ച് മക്കളിൽ മൂന്നാമനായി പിതാവ് ആനിക്കുഴികാട്ടിൽ, (ആൺമക്കളിൽ മൂത്തയാൾ) 1942 സെപ്റ്റംബർ 23 ന് കോട്ടയം ജില്ലയിലെ കടപ്ളാമറ്റത്ത് ജനിച്ചു. കൂടല്ലൂർ സെന്റ് ജോസഫ്സ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കുടുംബം ഹൈറേഞ്ചിലെ കുഞ്ചിത്തണ്ണിയിലേയ്ക്ക് കുടിയേറി. തുടർന്ന് കുഞ്ചിത്തണ്ണി, ചിത്തിരപുരം സ്കൂളുകളിലെ പഠനത്തിന് ശേഷം മുത്തോലി സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും പത്താം ക്ലാസ്സ് പാസായി. തുടർന്ന് തന്റെ ചിരകാല അഭിലാഷം പൂർത്തീകരിക്കാൻ 1960 ൽ വൈദിക പരിശീലനത്തിനായി കോതമംഗലം രൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. തത്വ ശാസ്ത്രവും ദൈവ ശാസ്ത്രവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും പൂർത്തിയാക്കി .
1971 മാർച്ച് 15 ന് കോതമംഗലം രൂപതയുടെ അദ്ധ്യക്ഷനായ മാർ മാത്യു പോത്തനാമൂഴി പിതാവിന്റെ കൈവയ്പ് വഴി പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം കത്തീഡ്രൽ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി.
തുടർന്ന് കോതമംഗലം രൂപതയിലെ ജോസ്ഗിരി, ചുരുളി, എഴുകുംവയൽ
എന്നീ ഇടവകകളിൽ വികാരി ആയി സേവനം അനുഷ്ഠിച്ചു. പിന്നീട് കോതമംഗലം രൂപതയുടെ പാസ്റ്ററൽ സെന്റർ ആയ മൂവാറ്റുപുഴ ജീവജ്യോതി ഡയറക്ടറും, രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും മാർ മാത്യൂസ് പ്രസ് ഡയറക്ടറും ആയി നിയമിതനായി.
പിന്നീട് ഉപരിപഠനത്തിനായി പോയ അദ്ദേഹം ബെൽജിയത്തിലെ ലുവെയ്ൻ യൂണിവേഴ്സിറ്റിയിൽ നിന്നും 1989ൽ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് കോതമംഗലം രൂപതയുടെ ചാൻസലർ ആയി നിയമിതനായി. ഈ കാലഘട്ടത്തിൽ തന്നെ വടവാതൂർ സെമിനാരിയിലും കോതമംഗലം മൈനർ സെമിനാരിയിലും അധ്യാപകനായും തട്ടേക്കണ്ണി, തൃക്കാരിയൂർ പള്ളികളിൽ വികാരി ആയും സേവനം അനുഷ്ഠിച്ചു. 2000 ൽ കോതമംഗലം മൈനർ സെമിനാരിയുടെ റെക്ടർ ആയി നിയമിതനായി. കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിതമായപ്പോൾ ആദ്യ രൂപതാധ്യക്ഷൻ ആയി 2003 ജനുവരി 15 ന് നിയമിതനായി. 2003 മാർച്ച് 2 ന് ഇടുക്കി രൂപതയുടെ മെത്രാൻ ആയി അഭിഷിക്തനായി. തുടർന്ന് പതിനഞ്ച് വർഷം രൂപതയെ നയിച്ച അഭിവന്ദ്യ പിതാവ് 2018 ൽ എഴുപത്തിയഞ്ച് വയസ് പൂർത്തിയായതിനേത്തുടർന്ന് രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
സഹോദരങ്ങൾ :
1) സിസ്റ്റർ ആനി കൊട്ടാരം FMA (ബാംഗ്ലൂർ),
2) സിസ്റ്റർ റോസക്കുട്ടി കൊട്ടാരം FMM (2018 മെയ് 27 ന് നിര്യാതയായി)
3) ത്രേസ്യാമ്മ മാത്യു വെങ്ങാലൂർ, പൊട്ടൻകാട്.
4) സിസ്റ്റർ മേരി ലൂക്കാ FMM (2014 ഫെബ്രുവരി 13 ന് നിര്യാതയായി),
5) മാനുവൽ ലൂക്കാ (കുട്ടിച്ചൻ) ആനിക്കുഴിക്കാട്ടിൽ, കുഞ്ചിത്തണ്ണി,
6) ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ (ഇടുക്കി രൂപത),
7) ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ (ജലന്ധർ രൂപത)
8) സിസ്റ്റർ ആലീസ് ആനിക്കുഴിക്കാട്ടിൽ SH (സ്ളീവാമല, ഇടുക്കി)
, 9) ഫാ. ജോസ് ആനിക്കുഴിക്കാട്ടിൽ SDB (ഷില്ലോങ്),
10) മോനിക്ക (ആറ് മാസം),
11) ഫാ. ലൂക്കാ (ടോമി) ആനിക്കുഴിക്കാട്ടിൽ (ഇടുക്കി രൂപത),
12) ഫാ. ആന്റണി (സണ്ണി) ആനിക്കുഴിക്കാട്ടിൽ MST (1992 ജൂൺ 2 ന് നിര്യാതനായി),
13) സാവിയോ ആനിക്കുഴിക്കാട്ടിൽ (2000 മെയ് 2 ന് നിര്യാതനായി)
14) ലിസമ്മ തങ്കച്ചൻ പാലക്കുഴ, എല്ലക്കൽ.
അഭിവന്ദ്യ പിതാവിന്റെ സംസ്കാര ചടങ്ങുകൾ 2020 മെയ് 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന്.