കോതമംഗലം: കോവിഡ് – 19, കോതമംഗലം മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ 60 വയസ്സിന് മുകളിൽ ഉള്ളവർക്കും,കിടപ്പ് രോഗികൾക്കും മറ്റ് അർഹരായവർക്കുമുള്ള പോഷക ആഹാര കിറ്റിൻ്റെ വിതരണം പൂർത്തിയായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. കൂടാതെ അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായ കിറ്റുകളും ലഭ്യമാക്കിയതായും, വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും, ക്ഷേമ പ്രവർത്തനങ്ങളും ഇതോടൊപ്പം ആദിവാസി ഊരുകളിൽ നടത്തി വരുന്നതായും എം എൽ എ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ പട്ടികവർഗ്ഗ കോളനികളിലും സ്ഥിരമായി മരുന്ന് കഴിക്കുന്നവരുടേയും,മറ്റ് രോഗങ്ങൾക്ക് സ്ഥിര ചികിത്സ നടത്തുന്നവരുടേയും വിശദവിവരങ്ങൾ ശേഖരിച്ച് ഇവർക്ക് മരുന്ന് ലഭ്യമാക്കി വരുന്നുണ്ട്.അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ ആവശ്യത്തിന് വാഹനം ഏർപ്പാടാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ സേവനം ഈ മേഖലകളിൽ ഷെഡ്യൂൾ പ്രകാരം എല്ലാ കോളനികളിലും ലഭ്യമാക്കുന്നുണ്ട്.
നിലവിൽ റേഷൻ കാർഡ് ഇല്ലാത്ത നാല്പതോളം വരുന്ന പുതിയ കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായ കിറ്റ് വിതരണത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും,കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളനികൾക്ക് പുറത്ത് നിന്നുള്ള സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.