കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഗവൺമെൻ്റ് പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു. താലൂക്കിലെ 122 റേഷൻ കടകളിലും രാവിലെ 9 മണി മുതൽ തന്നെ വിതരണം തുടങ്ങുകയും ചെയ്തു. വ്യക്തിശുചിത്വം പാലിക്കുന്നതിനു വേണ്ട ക്രമീകരണം മുഴുവൻ റേഷൻ കടകളിലും ഏർപ്പെടുത്തിയിരുന്നു. കൃത്യമായ ശാരീരിക അകലവും വ്യക്തി ശുചിത്വം പാലിച്ചുമാണ് ആളുകൾ റേഷൻ വാങ്ങിയത്. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ആൻറണി ജോൺ MLA വിവിധ റേഷൻ കടകൾ സന്ദർശിച്ചു.
താലൂക്ക് സപ്ലൈ ഓഫീസർ KH അബ്ദുൾ അസീസ്, റേഷനിങ് ഇൻസ്‌പെക്ടർമാരായ മറീന കെ മാത്യു, അഭിലാഷ് കെ കെ എന്നിവർ MLA യോടൊപ്പം ഉണ്ടായിരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ തുടർ ദിവസങ്ങളിലും റേഷൻ വിതരണവുമായി ബന്ധപ്പെട്ട് വ്യക്തി ശുചിത്വവും, ശാരീരിക അകലം പാലിക്കുന്നതുമുൾപ്പെടെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ നല്കിയിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.