കോതമംഗലം: ചേലാട്, പിണ്ടിമന ഗവ. യു.പി. സ്കൂൾ അധ്യാപിക ശ്രീമതി വിനീത ചന്ദ്രന്റെ “നാൽപ്പതാം നാൾ ” എന്ന ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. മനുഷ്യമനസ്സിന്റെ വിഹ്വലതകളും സൂക്ഷ്മഭാവങ്ങളും ഹ്യദയസ്പർശിയായി കോറിയിട്ട പത്ത് കഥകളടങ്ങിയ പുസ്തകം സ്കൂൾ വാർഷിക ദിനത്തിൽ കോതമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനിത പി.എൻ, സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി ലൗലി ജോസഫിന് നൽകിയാണ് പ്രകാശനം ചെയ്തത്. വ്യത്യസ്തമായ വായനാനുഭവം പകരുന്ന കാമ്പുള്ള കഥകളാണ് പുസ്തകത്തിന്റെ ഉൾക്കരുത്തെന്ന് പ്രകാശനം നിർവ്വഹിച്ച് കൊണ്ട് ശ്രീമതി അനിത പി.എൻ അഭിപ്രായപ്പെട്ടു.
പ്രസ്തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി റഷീദ സലിം, പിണ്ടിമന പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ബിജു പി. നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. സണ്ണി വേളൂക്കര, കോതമംഗലം ബി.പി.ഒ. ശ്രീ. എസ്.എം. അലിയാർ, വാർഡ് മെമ്പർ ശ്രീ. അരുൺ വി. കുന്നത്ത്,സ്കൂൾ പി. ടി. എ.പ്രസിഡണ്ട് ശ്രീ. അനീഷ് തങ്കപ്പൻ, ശ്രീ. എൽദോസ് തെക്കുംമറ്റത്തിൽ, ശ്രീ. കുര്യാക്കോസ് എം.വി. ശ്രീമതി. സരിത റെജി എന്നിവർ പങ്കെടുത്തു.