കോതമംഗലം: ഹൈറേഞ്ചിന്റെ കവാടവും നിരവധി ആദിവാസി കോളനികൾ ഉൾപ്പെടുന്നതും ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്നതുമായ കോതമംഗലം മണ്ഡലത്തിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ 108 ആംബുലൻസ് സർവ്വീസ് സേവനം ലഭ്യമാക്കണമെന്ന് ആന്റണി ജോൺ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. നിലവിൽ കോതമംഗലം മണ്ഡലത്തിൽ കോതമംഗലം താലൂക്ക് ആശുപത്രി കൂടാതെ നേര്യമംഗലം,കുട്ടമ്പുഴ,പല്ലാരിമംഗലം ആരോഗ്യ കേന്ദ്രങ്ങളിലാണ് നിലവിൽ 108 ആംബുലൻസ് സേവനം ലഭ്യമാകുന്നതെന്നും മണ്ഡലത്തിന്റെ വിസ്തൃതിയും പ്രദേശത്തിന്റെ പ്രത്യേകതയും കണക്കിലെടുത്ത് കൂടുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ 108 ആംബുലൻസ് അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കൂടാതെ ആംബുലൻസിന്റെ സേവനം നല്ല രീതിയിൽ ലഭ്യമാക്കുന്നതിനായി ആവശ്യമായ സ്റ്റാഫുകളെ ആംബുലൻസുകളിൽ നിയമിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും,പല്ലാരിമംഗലം ആരോഗ്യ കേന്ദ്രത്തിൽ 12 മണിക്കൂറും,കുട്ടമ്പുഴ ആരോഗ്യ കേന്ദ്രത്തിൽ 12 മണിക്കൂറും സേവനം ലഭിക്കുന്ന രീതിയിൽ 108 ആംബുലൻസുകളിൽ സ്റ്റാഫുകളായി എമർജൻസി മെഡിക്കൽ ടെക്നീഷ്യനെയും(നഴ്സ്),ഡ്രൈവറെയും നിയമിച്ചിട്ടുണ്ടെന്നും ആംബുലൻസുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി വാഹനങ്ങളുടെ എണ്ണം,സമയക്രമം, വാഹനത്തിന്റെ പാർക്കിങ്ങ്,ലൊക്കേഷൻ എന്നിവ സംബന്ധിച്ച നിർദേശങ്ങളിൽ നടപടി സ്വീകരിക്കേണ്ടത് ജില്ലാ കളക്ടർ ചെയർമാനായ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ചെയർമാനായുള്ള സംസ്ഥാനതല കമ്മിറ്റിയാണെന്നും,കോതമംഗലം മണ്ഡലത്തിൽ കൂടുതൽ കേന്ദ്രങ്ങളിൽ 108 ആംബുലൻസ് അനുവദിക്കുന്നതിനുള്ള ജില്ലാ കമ്മിറ്റിയുടെ ശിപാർശ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ബഹു:ആരോഗ്യ വകുപ്പ് മന്ത്രി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login