കോതമംഗലം : നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന വാളറ പാട്ടേടമ്പ് ആദിവാസി മേഖലയില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ വനപാലകരുടെ പിടിയിലായി. പാട്ടയിടുമ്പ് ആദിവാസി കോളനിയില്‍ താമസക്കാരനായ സന്തോഷാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്ന മറ്റൊരാളെ വനപാലകര്‍ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന വനമേഖലയോട് ചേര്‍ന്ന പാട്ടേടമ്പ് ആദിവാസി മേഖലയില്‍ കാട്ടനയുടെ ശരീര അവശിഷ്ടങ്ങള്‍ വനപാലകര്‍ കണ്ടെത്തിയത്.ആറ് മാസങ്ങള്‍ക്ക് മുമ്പ് ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷണം പോയതായി ബോധ്യപ്പെട്ടതോടെ ഇത് സംബന്ധിച്ച് വനപാലകര്‍ അന്വേഷണം ആരംഭിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ വനപാലകര്‍ പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് നാല്‍പ്പത്തഞ്ചുകാരനായ സന്തോഷ് പിടിയിലായത്.
ആന ചെരിഞ്ഞതിനോട് ചേര്‍ന്ന സ്ഥലത്ത് സന്തോഷ് സ്ഥിരമായി പുല്ല് മുറിക്കുവാന്‍ പോകാറുണ്ടായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്തോഷിനെ തിരക്കി വനപാലകര്‍ പാട്ടേടമ്പ്കുടിയില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.തുടര്‍ന്ന് നടന്ന പരിശോധനയില്‍ പ്രതിയുടെ വീടിനോട് ചേര്‍ന്ന ഭാഗത്തു നിന്നും ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ വനപാലകര്‍ കണ്ടെടുത്തു.ആനയുടെ ശരീര അവശിഷ്ടങ്ങള്‍ സംബന്ധിച്ച് പുറംലോകമറിഞ്ഞപ്പോള്‍ തന്നെ സന്തോഷ് നാട്ടില്‍ നിന്നും രക്ഷപ്പെട്ടിരുന്നതായി വനപാലകര്‍ പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നേര്യമംഗലം വനമേഖലയിലുള്ള ഏണിപ്പാറ ഭാഗത്തുള്ളതായി തിരിച്ചറിയുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.98 സെന്റീമീറ്റര്‍ നീളവും 32 സെന്റീമീറ്റര്‍ വണ്ണവുമുള്ള കൊമ്പുകളാണ് വനപാലകര്‍ കണ്ടെത്തിയിട്ടുള്ളത്.നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസര്‍ അരുണ്‍ കെ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
You must be logged in to post a comment Login