- ഷാനു പൗലോസ്
കോതമംഗലം: യാക്കോബായ സുറിയാനി സഭയ്ക്ക് അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് ലഭിച്ച സുറിയാനി വിശ്വാസത്തിന്റെ തിരിനാളം അണയാതെ നെഞ്ചേറ്റുമെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ സഭയിലെ പുതിയ തലമുറ കോതമംഗലത്ത് എത്തിച്ചേരും. 2019 ഒക്ടോബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിലെ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിനെ സാക്ഷിയാക്കി കുട്ടിക്കൂട്ടം തങ്ങളുടെ വിശ്വാസത്തെ വിളിച്ച് പറയുമ്പോൾ യുവതലമുറ ഒന്നിക്കുന്ന “കുട്ടിക്കൂട്ടം” കോതമംഗലത്തിന് മറ്റൊരു ചരിത്രമാകും. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മലങ്കര ഓർത്തഡോക്സ് വിഭാഗം കോടതി വിധിയുടെ മറവിൽ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങൾ കൈയ്യേറുന്ന നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ മലങ്കര ജേക്കബൈറ്റ് സിറിയൻ സൺഡേസ്കൂൾ അസോസിയേഷനും പങ്കാളിയാകുന്നതിന്റെ ഭാഗമായാണ് സണ്ടേസ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിശ്വാസമതിൽ തീർക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ യൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന ചെറിയ പള്ളിയ്ക്ക് ചുറ്റും കൈകോർത്ത് വിശ്വാസത്തിന്റെ മതിൽ തീർത്ത് സുറിയാനി സഭ പകർന്ന വിശ്വാസത്തെ തള്ളികളയുകയില്ലെന്ന പ്രതിജ്ഞ ഏറ്റ് ചൊല്ലും. സഭയിലെ ഓരോ ഇടവകയിലും പ്രവർത്തിക്കുന്ന സണ്ടേസ്കൂളുകളിൽ അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർത്ഥികളെ അധ്യാപകരുടെ നേതൃത്വത്തിൽ, പള്ളി ഭരണ സമിതി മുഖേനെ വാഹനം ക്രമീകരിച്ച് എത്തിക്കേണ്ടതാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കല്പനയും, എം.ജെ.എസ്.എസ്.എയുടെ പ്രസിഡന്റ് മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തയുടെയും കല്പനയും എല്ലാ പള്ളികൾക്കും നൽകി.
മലങ്കരയുടെ 700 ൽ പരം സൺഡേ സ്കൂളിൽ നിന്നുമായി 25000 ൽ അധികം കുട്ടികൾ പങ്കെടുക്കും. കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. കുട്ടിക്കൂട്ടത്തിന്റെ സംഘാടക സമിതിയോടൊപ്പം യൂത്ത് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ 101 അംഗ വോളന്റിയർ സമിതിയും ഉണ്ടാകും. കുട്ടിക്കൂട്ടം കൂട്ടായ്മയുടെ വിജയത്തിന് സഹകരണം അഭ്യർത്ഥിച്ച് സൺഡേ സ്കൂൾ കുട്ടികളാണ് വാർത്ത സമ്മേളനം നടത്തിയത്. യാക്കോബായ സഭ അഭീമുഖിരിക്കുന്ന വേദനയിൽ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം കുട്ടികൾ അഭ്യർത്ഥിച്ചു. വാർത്ത സമ്മേളനത്തിൽ വിവിധ സൺഡേ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളായ അലീന ബാബു, സാറ എൽദോസ്, ഐറിൻ എലീന എൽദോസ്, ആൻ മറിയ ജോസ്, എൽവിൻ വിൻസെന്റ്, സോബിൻ എൽദോ, ജോഷ ജോർജ് എൽദോ, ജേക്കബ് ബിജു, മെറിൻ പി.എൽദോ, ഇസ എബി, നേഹ ബിജു, ജോർജ് എൽദോ, എൽദോ ബൈജു, ബേസിൽ ജോസ് എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login