കോതമംഗലം: ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് സമുച്ചയം അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് നശിക്കുന്നു. സബ്‌സ്റ്റേഷന്‍പടിക്ക് സമീപമുള്ള കോടികള്‍ വിലമതിക്കുന്ന കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. 35 വര്‍ഷം പഴക്കമുള്ള, 12 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ ജീവനക്കാരുടെ കുറവിനെത്തുടര്‍ന്നാണ് വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിലായത്.
കെട്ടിടങ്ങളും പരിസരവും വന്‍വൃക്ഷങ്ങള്‍ വളര്‍ന്ന് കൊടുങ്കാടായി മാറിയത് പ്രദേശവാസികളില്‍ ഭീതിയുണ്ടാക്കുന്നു.കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും മോഷണംപോയി. അതേസമയം കോമ്പൗണ്ടിലെ ഉണങ്ങിയ മരം മുറിച്ചുമാറ്റിയെന്ന പേരില്‍ സമീപവാസികള്‍ ഇപ്പോഴും നിയമനടപടി നേരിടുകയാണ്.
റോഡിനും വീടുകള്‍ക്കും ഭീഷണിയായിനിന്ന മരം മുറിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഇടപെട്ടത്. മരം മുറിച്ചുകടത്തിയെന്നാരോപിച്ച് ബിഎസ്എന്‍എല്‍ നല്‍കിയ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശം ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. ക്വാര്‍ട്ടേഴ്‌സ് സമുച്ചയം സംരക്ഷിക്കാന്‍ നഗരസഭയോ ജനപ്രതിനിധികളോ ഉടന്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






















































