വാരപ്പെട്ടി: സഹകരണ വകുപ്പിന്റെ 2024-2025 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒന്നാം സ്ഥാനം വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1015ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ, സ്വര്‍ണപ്പണയ വായ്പകള്‍ കൂടാതെ കാര്‍ഷിക കെസിസി വായ്പാ, ഏതൊരു സഹകാരിയുടെയും ഏറ്റവും പെട്ടെന്നുണ്ടാകുന്ന 10000.00 രൂപാ വരെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായ് പലിശ രഹിത സ്വര്‍ണ്ണ പണയ വായ്പാ, നാട്ടിലെ കുടുംബ ശ്രീ കൂട്ടായ്മകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനായ് മുറ്റത്തെ മുല്ല വായ്പാ പദ്ധതി, വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി പലിശരഹിത വിദ്യഭ്യാസ സഹായ വായ്പ, മാരക രോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി പലിശ രഹിത ചികില്‍സാ ധനസഹായ വായ്പാ എന്നിങ്ങനെയുള്ള വിവിധ വായ്പാ പദ്ധതികളും സ്വന്തമായി എ.ടി.എം , ആര്‍ടിജിഎസ് സൗകര്യം ഉള്‍പ്പെടെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ബാങ്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ വര്‍ഷവും കര്‍ക്കിടകമാസത്തില്‍ സഹകാരികളെ സഹായിക്കുന്നതിനായി കര്‍ക്കിടക കിറ്റ് വിതരണം, നിര്‍ദ്ധനരായ 25 ത്തോളം സഹകാരികള്‍ക്ക് പ്രത്യേക മാസ ചികിത്സാ ധനസഹായം, അംഗങ്ങള്‍ മരണപ്പെട്ടാല്‍ അവരുടെ മരണാന്തര ചടങ്ങ് നടത്തുന്നതിനായി മരണാന്തര ധനസഹായം,മെഡിക്കല്‍ ക്യാമ്പ്, കാര്‍ഷിക ചര്‍ച്ച ക്ലാസുകള്‍ പുതിയതായി കുട്ടികളെയും യുവാക്കളെയും സംഘത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി ചില്‍ഡ്രന്‍സ് മീറ്റിംഗ്, കാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷീര കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കുന്നതിനുമായി കേരളാ ഫീഡ്‌സ് ഏജന്‍സി സഹകാരികള്‍ക്ക് ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുന്നതിനായി കാര്‍ഷിക നേഴ്‌സറി, നാട്ടില്‍ ഗുണമേന്മയുള്ള പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനായി പച്ചക്കറി തൈ വിതരണം, പ്ലാവിന്‍ തൈ വിതരണം, വാഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായ് കുറഞ്ഞ നിരക്കില്‍ വാഴകണ്ണ് വിതരണം, മുട്ടയുടെ ദൗര്‍ലഭ്യം കുറക്കുന്നതിനയ് സബ്‌സിഡി നിരക്കില്‍ മുട്ടക്കോഴി വിതരണം വാരപ്പെട്ടി വെളിച്ചെണ്ണ, ടപ്പിയോക്കാ വിത്ത് മസാല, ചക്ക ഡ്രൈ, കര്‍ഷകരുടെ സാധനങ്ങള്‍ വില്‍ക്കുന്നതിനായ് കാര്‍ഷിക വിപണി, ഇങ്ങനെ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് നേതൃത്വം നല്‍കുന്നുണ്ട്.
ഈ പ്രവര്‍ത്തനങ്ങളുടെ അംഗീകാരം എന്ന നിലയില്‍ ഒട്ടനവധി സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും ബാങ്കിന് ലഭിച്ചു. 2024-2025 വര്‍ഷത്തെ അവാര്‍ഡ് വ്യവസായ-നിയമം വകുപ്പ് മന്ത്രി പി രാജീവില്‍ നിന്ന് ബാങ്ക് പ്രസിഡന്റ് എ.എസ് ബാലകൃഷ്ണന്‍, സെക്രട്ടറി ടി.ആര്‍ സുനില്‍,ബോര്‍ഡ് അംഗങ്ങളായ അഡ്വ. ബിജുക്കുമാര്‍, ടി.സി ഷിബു വര്‍ക്കി , ജീവനക്കാരന്‍ ഷിബു എ.എ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ചടങ്ങില്‍ ജോയിന്റ് രജിസ്ട്രാര്‍ സുധീര്‍ കെ.വി, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ മാരായ എസി ണ്‍മുഖദാസ്, വി.എന്‍ ശശി, കെ.കെ ശിവന്‍, കേരള ബാങ്ക് ബോര്‍ഡ് മെമ്പര്‍ മാരയാ വി.എന്‍ സലിം, ഷിബു, പിഎസിഎസ് അസോസിയേഷന്‍ സെക്രട്ടറി ഹരി എന്നിവര്‍ പങ്കെടുത്തു.























































