കോതമംഗലം:പെൻഷൻകാർക്കും ജീവനക്കാർക്കുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക ഇടത് സർക്കാർ ഏകപക്ഷീയമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോതമംഗലം ട്രഷറിക്ക് മുമ്പിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി.
നിലവിൽ 500 രൂപയായിരുന്നു പ്രതിമാസ പ്രീമിയം തുക 810 രൂപയായി സർക്കാർ വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. നിരവധി അപാകതകൾ നിറഞ്ഞ നിലവിലെ പദ്ധതിക്കെതിരെ പെൻഷൻകാരും ജീവനക്കാരും പ്രക്ഷോഭങ്ങൾ നടത്തി വരവേയാണ് വൻതോതിൽ പ്രമിയം തുക വർധിപ്പിച്ചത്.ഒപി സൗകര്യം കൂടി ഉൾപ്പെടുത്തണമെന്നും ഓപ്ഷൻ അനുവദിക്കണമെന്നും സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളും ചികിത്സ വിഭാഗങ്ങളും ഉൾപ്പെടുത്തി സർക്കാർ വിഹിതം കൂടി വരും പ്രകാരം അപാകതകൾ പരിഹരിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കെഎസ്എസ്പിഎ പ്രതിഷേധ പരിപാടികൾ നടത്തിവന്നിരുന്നത്.
ഇതിനിടയിലാണ് അപാകതകൾ ഒന്നും പരിഹരിക്കാതെ ഏകപക്ഷീയമായി പ്രീമിയം വർദ്ധന സർക്കാർ നടപ്പിലാക്കിയത്. ഇതിനെതിരെ കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ ട്രഷറികൾക്ക് മുമ്പിലും നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് കോതമംഗലം സബ് ട്രഷറിക്ക് മുമ്പിലും പ്രതിഷേധം നടത്തിയത്.
കോതമംഗലം സബ് ട്രഷറിക്ക് മുന്നിൽൽ നടന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എം മൈയ്തീൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സിബി ജെ അടപ്പൂർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സി ജോസ്, ജില്ലാ സെക്രട്ടറി സി.എ അലിക്കുഞ്ഞ്, വനിതാ ഫോറം ജില്ലാ പ്രസിഡണ്ട് ആലീസ് സ്കറിയ, ജില്ലാ വൈസ് പ്രസിഡന്റ് എ.ജെ ജോൺ, സംസ്ഥാന കൗൺസിലർമാരായ പി ബാലൻ, കെ.പി അഷ്റഫ്, എൻ ഐ അഗസ്റ്റിൻ, മുതിർന്ന നേതാക്കളായ കെ എ ജോസഫ്,പി എം മുഹമ്മദലി, സംസ്ഥാന കൗൺസിലർ കെ.എൽ ഷാജു, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മാർട്ടിൻ കീഴെമാടൻ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പരിപാടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി പി പൗലോസ്, നിയോജകമണ്ഡലം സെക്രട്ടറി പി വി പൗലോസ്, ട്രഷറർ ടി എസ് റഷീദ്, ഭാരവാഹികളായ എ എം ജോണി, ഇ പി ജോർജ്, മണ്ഡലം ഭാരവാഹികളായ സി കെ സൈഫുദ്ദീൻ, എം.ടി സ്കറിയ, എം കെ മുഹമ്മദ്, പി സി ജോയ്,വി എ മുഹമ്മദ്, പി എം നാസിർ, എം കെ മത്തായി, ലിബു തോമസ്, ഉമൈമത്ത് ബീവി, നസീമ അലി എന്നിവർ നേതൃത്വം നൽകി.























































