കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യത്തെച്ചൊല്ലി യുഡിഎഫില്‍ വിവാദം കൊഴുക്കുന്നു. ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ഈ ആവശ്യം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെയാണ് വീണ്ടും സജീവമായത്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എം അമീന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
ഇതിന് പിന്നാലെ, കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യത്തെ പരോഷമായി പിന്തുണച്ച് ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനക്കല്‍ രംഗത്തെത്തിയതോടെ വാദപ്രതിവാദം മുറുകി. നിരവധി നേതാക്കള്‍ ഈ പോസ്റ്റ് പങ്കുവെക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഷെമീര്‍ പനക്കലിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ടെങ്കിലും, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നതിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്. ബ്ലോക്ക് പ്രസിഡന്റിന്റെ നടപടി എല്‍ഡിഎഫിനെ സഹായിക്കാനേ ഉപകരിക്കൂ എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിനെതിരെയുള്ള പരാമര്‍ശങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.
ഷെമീര്‍ പനക്കലിന്റെ നടപടിയെ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു പോള്‍ ചോദ്യം ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നത്തെ അധിക്ഷേപിക്കുന്നതാണ് ഇത്തരം പോസ്റ്റുകളെന്ന് ബാബു പോള്‍ ആരോപിച്ചു. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കോതമംഗലത്ത് കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മിലെ ആന്റണി ജോണ്‍ എംഎല്‍എയാണ് വിജയിച്ചത്. രണ്ട് തവണയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് യുഡിഎഫിനായി മത്സരിച്ചത്. ആദ്യ തവണ ടി.യു കുരുവിളയും രണ്ടാം തവണ ഷിബു തെക്കുംപുറവും പരാജയപ്പെട്ടു.
ഈ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. മുമ്പ് കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഈ മണ്ഡലം, വി.ജെ പൗലോസിനെ പരാജയപ്പെടുത്തി വിജയിച്ച ടി.യു കുരുവിള യുഡിഎഫിലെത്തിയതോടെയാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് തവണയും കേരള കോണ്‍ഗ്രസാണ് ഇവിടെ മത്സരിക്കുന്നത്. ഇത്തവണ കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കി കോതമംഗലം തിരിച്ചുവാങ്ങണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ഷിബു തെക്കുംപുറത്തിനെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.























































