കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ സംഘര്‍ഷം. മൂന്നാം വാര്‍ഡ് പഞ്ചായത്ത് പടിയിൽ അല്‍ അമല്‍ പബ്ലിക് സ്കൂളിലെ ബൂത്തില്‍ രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായാണ് പ്രശ്നമുണ്ടായത്. ഇവിടെ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന വൃദ്ധദമ്പതികളെ ഇവർക്ക് വോട്ടുള്ള മറ്റൊരു ബൂത്തായ 13-ാം വാർഡ് ചിറപ്പടിയിലെ ബൂത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രശ്നത്തിൽ എല്‍ഡിഎഫ് പ്രവര്‍ത്തകരെ യുഡിഎഫുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.
പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും ദമ്പതികള്‍ക്ക് അല്‍ അമല്‍ സ്കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു. ദമ്പതികൾ പിന്നീട് പരാതിയും നൽകി.
പതിനഞ്ചാം വാര്‍ഡ് നേർച്ചമോളം മദ്രസ ഹാൾ ബൂത്തില്‍ വൈകുന്നേരത്തോടെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയായിരുന്നു. ബൂത്തിലെത്തിയ വോട്ടര്‍ ബന്ധുവിന്റെ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. ഉടൻ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.



























































