കോതമംഗലം: നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 8-ന് കോട്ടപ്പടി സ്വദേശിയായ പ്രവാസി എഴുത്തുകാരൻ ജിതിൻ റോയിയുടെ പുതിയ ഇംഗ്ലീഷ് സയൻസ് ഫിക്ഷൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ ‘ദി ആൾട്ടർനേറ്റ് ഷാഡോസ് ‘ പ്രകാശനം ചെയ്തു. കോതമംഗലം മാർ അത്താനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദധാരിയായ ജിതിൻ ഇപ്പോൾ ദുബൈയിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ വൈസ് പ്രസിഡന്റ് ആയി ജോലി ചെയ്തു വരുന്നു. ഇത് ജിതിന്റെ രണ്ടാമത്തെ പുസ്തകമാണ്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ പോൾ ടി ജോസഫും, പ്രശസ്ത മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ ഷാബു കിളിത്തട്ടിലും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത അവതാരകനായ ശ്രീ മച്ചിങ്ങൽ രാധാകൃഷ്ണൻ ആണ് പരിപാടി അവതരിപ്പിച്ചത്.
ദക്ഷിണേന്ത്യയിൽ നടക്കുന്ന സീരിയൽ കൊലപാതക കേസ് തെളിയിക്കാൻ പാരല്ലൽ യൂണിവേഴ്സ് ട്രാവൽ എന്ന ടെക്നോളജി ഉപയോഗിച്ച് കുറ്റാന്വേഷണംനടത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം. കേരളത്തിന്റെയും ദുബായിയുടെയും പശ്ചാത്തലത്തിൽ ഇത്തരമൊരു സയൻസ് ഫിക്ഷൻ ആശയം ഉൾക്കൊണ്ട് എഴുതിയ ആദ്യത്തെ പുസ്തകമായിരിക്കാം ഇത്. വളരെ മികച്ച പ്രതികരണമാണ് പുസ്തകത്തിന് ലഭിച്ചതെന്ന് ജിതിൻ അറിയിച്ചു.ആമസോൺ പ്ലാറ്റ്‌ഫോമിൽ ഈ പുസ്തകം ലഭ്യമാണ്.
അക്കാഫ് സെക്രട്ടറി ഷൈൻ, ട്രഷറർ രാജീവ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിൻസന്റ്, മുനീർ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ പ്രവാസി എഴുത്തുകാരായ ഷീല പോൾ, നിഷ രത്നമ്മ, മറീന എസ് ജെ, ലേഖ ജസ്റ്റിൻ, അജിത്ത് വള്ളൊലി, എഡ്വേർഡ് ജോസഫ്, നൗഷാദ് മുഹമ്മദ്, ഫെബിൻ ജോൺ, വി ടി കുരീപ്പുഴ, അങ്കിത ഷിബു, ദീപു ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു. ജിതിൻ റോയ് ഭാര്യ മെൽബിയും കുട്ടികൾ ഇവാൻ, മാത്യു, സാറാ എന്നിവരുമൊന്നിച്ച് ദുബായിൽ ആണ് താമസം.



























































