കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും നിലംപൊത്തി. ഫെൻസിംഗ് മറികടന്ന ആനക്കൂട്ടം ജനവാസമേഖലകളിലേക്ക് കടന്നു. വീടുകൾക്ക് തൊട്ടടുത്തുവരെ ആനകളെത്തിയെന്ന് നാട്ടുകാർ പറഞ്ഞു. ആനകളെ ഓടിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മരംമറിച്ചിട്ടതുമൂലം വീടുകളിലേക്കുള്ള വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു.
മൂന്നരക്കോടിരൂപ ചെലവഴിച്ച് മുപ്പതുകിലോമീറ്റർ ദൈർഘ്യത്തിലുള്ള ഫെൻസിംഗ് നിർമ്മാണമാണ് ഇപ്പോൾ നടന്നുവരുന്നത്. പൂർത്തിയായ പലഭാഗങ്ങളിലും ആനകൾ ഫെൻസിംഗ് തകർത്തിട്ടുണ്ട്. ഇവിടെ അറ്റകുറ്റപ്പണികൾ നടത്തി തങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്ന ആവശ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിർമ്മാണം പൂർത്തിയാകാത്തതിനാൽ ഫെൻസിംഗിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്വം കരാറുകാർക്കാണെന്നാണ് വനംവകുപ്പിന്റെ വാദം. ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി വേണമെന്നാണ് ആവശ്യം. നടപടികൾ വൈകിയാൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.



























































