കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ്
11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ അതിരൂക്ഷമായ മനുഷ്യ വന്യജീവി സംഘർഷം കൊണ്ട് ജനങ്ങളും കർഷകരും പൊറുതിമുട്ടിയിരുന്നു. ജനങ്ങളുടെ സ്വൈര്യ സഞ്ചാരത്തിന് ഭീഷണി ആവുകയും അതിരാവിലെ ടാപ്പിങ്ങിനും മറ്റു ജോലികൾക്കും പോകേണ്ട തൊഴിലാളികൾക്ക് കാട്ടാനയുടെ ശല്യം മൂലം സ്വസ്ഥമായി യാത്ര ചെയ്യുന്നതിനും ഭയരഹിതമായി ജോലി ചെയ്യുന്നതിനും പറ്റാത്ത അവസ്ഥയായിരുന്നു.കൂടാതെ ടി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്.
ഈന്തലുംപാറ തുടങ്ങി നേര്യമംഗലം റേഷൻ കട പടി വരെയുള്ള ദൂരത്തിൽ 11 കിലോമീറ്റർ ദൂരത്തിൽ നാലു ഭാഗങ്ങളായി 11 യൂണിറ്റുകൾ ആയാണ് സൗരോർജ്ജ വേലി നിർമ്മിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിനും 5 വർഷം വാറണ്ടിയുള്ള EXIDE കമ്പനിയുടെ 150 AH ബാറ്ററി 250W സോളാർ പാനൽ BIS 302-2-76-IEC 336-2-76 മാർക്കോട് കൂടിയ എനർജയിസർ, ലൈറ്റനിങ്,ഡൈവേർട്ടർ,അലാറം സിസ്റ്റം, കൺട്രോൾ യൂണിറ്റ് എന്നിവ ആണ് ഉപയോഗിച്ചിട്ടുള്ളത്. ടീ ഫെൻസിംഗ് നിർമ്മിക്കുന്നതിന് ഐഎസ്ഐ മുദ്രയുള്ള കോർണർ പോസ്റ്റുകളും സപ്പോർട്ടിംഗ് പോസ്റ്റുകളും ACSR വയറും ഇന്റർമീഡിയറ്റ് പോസ്റ്റുകളും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ടി പ്രദേശത്ത് തോടുകളും നീർച്ചാലുകളും ചതുപ്പും വരുന്ന സ്ഥലങ്ങളിൽ 730 മീറ്റർ ഹാങ്ങിങ് ഫെൻസിങ്ങും സ്ഥാപിച്ചിട്ടുണ്ട്. കൂടെ 11 കിലോമീറ്റർ ഫെൻസിങ്ങിന് ഇടയിൽ 39 സ്ഥലങ്ങളിലായി ആനത്താരകളിൽ ഗേറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഫെൻസിങ്ങിന്റെ
ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മിനി മനോഹരൻ അധ്യക്ഷത വഹിച്ചു. മൂന്നാർ എ സി എഫ്
സിബിൻ എൻ ടി സ്വാഗതം ആശംസിച്ച യോഗത്തിൽ മൂന്നാർ ഡി ഫ് ഒ സാജു വർഗീസ് ഐ എഫ് എസ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, എറണാകുളം ജില്ല പ്രിൻസിപ്പൽ കൃഷി ഡയറക്ടർ ഇന്ദു നായർ, എറണാകുളം ജില്ല ഡെപ്യൂട്ടി കൃഷി ഡയറക്ടർ ദീപ ടി ഒ, അസിസ്റ്റൻറ് കൃഷി ഡയറക്ടർ പ്രിയ മോൾ തോമസ്, അഗ്രികൾച്ചറൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സാം കെ ജെയിംസ്, കുട്ടമ്പുഴ കൃഷി ഓഫീസർ എം എച്ച് ജസീന,ഇഞ്ചത്തൊട്ടി യാക്കോബിറ്റ് ചർച്ച് വികാരി ഫാദർ ബേസിൽ ജോസഫ് കുറ്റ്യാനിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ഇഞ്ചത്തൊട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ് കൃതജ്ഞത രേഖപ്പെടുത്തി.
2024 -2025 വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സംസ്ഥാന മെഡലിന് അർഹരായ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ്,ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം ദിലീപ് കുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. കേരള വനം വന്യജീവി വകുപ്പും കർഷക ക്ഷേമ കാർഷിക വികസന വകുപ്പും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
