കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനം ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഭൂതത്താൻകെട്ട് -വാടാട്ടുപാറ റോഡിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വടാട്ടുപാറ അരീക്കസിറ്റിയിൽ നടക്കും. വടാട്ടുപാറയിലേക്കുള്ള ഏക യാത്ര മാർഗ്ഗമായിരുന്നു പ്രസ്തുത റോഡ്. ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്.
വനമേഖലയിലൂടെ കടന്നുപോകുന്ന ഭാഗത്തുള്ള ആദ്യ കിലോമീറ്ററുകളിലെ റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതിനെതിരായി വനം വകുപ്പ് ആദ്യ ഘട്ടത്തിൽ രംഗത്ത് വന്നിരുന്നു. പിന്നീട് സർക്കാർ തലത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് ആദ്യ കിലോമീറ്റർ ഭാഗങ്ങളിൽ ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന നിലയിൽ ഇരു സൈഡിലും കോൺക്രീറ്റ് കൂടി ചെയ്യാൻ സാധിച്ചത്. ഇതിന്റെ ഭാഗമായി ബി എം ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിൽ എല്ലാം
കൾവേർട്ടുകളും,വൈഡനിങ്ങ്,സംരക്ഷണഭിത്തികൾ,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും
പൂർത്തീകരിച്ചിട്ടുണ്ട്. കീരംപാറ- പിണ്ടിമന -കുട്ടമ്പുഴ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന കീരംപാറ- ഭൂതത്താൻകെട്ട് റോഡ് വീതി വർദ്ധിപ്പിച്ച് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്തിന്റെ നിർമ്മാണോദ്ഘാടനം കീരംപാറയിൽ രാവിലെ 11 ന് മന്ത്രി നിർവഹിക്കും. കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിലേക്കുള്ള പ്രധാന പാത കൂടിയാണിത്. നിലവിൽ 5.5 മീറ്റർ വീതിയുള്ള റോഡ് 7.5 മീറ്റർ വീതി വർദ്ധിപ്പിച്ചാണ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. ബി എം ബി സി ടാറിങ്ങിനു പുറമേ ആവശ്യമായ ഇടങ്ങളിൽ എല്ലാം കൾവേർട്ടുകളും,സംരക്ഷണഭിത്തികൾ,ഡ്രൈനേജ്,ഐറിഷ് സംവിധാനങ്ങളും,ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കൽ ,റോഡ് സേഫ്റ്റിയുടെ ഭാഗമായി റിഫ്ലക്ടർ,സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും നിർമ്മാണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ടു റോഡുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. ഉദ്ഘാടന വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എം എൽ എ കൂട്ടിച്ചേർത്തു.
