കോതമംഗലം :2.34 കോടി രൂപ എം എൽ എ ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കോതമംഗലം കെ എസ് ആർ ടി സി ആധുനിക ബസ് ടെർമിനൽ നാളെ (11/10/25 ) വൈകിട്ട് 4 പി എം ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
പുതിയ ബസ് ടെർമിനലിനായുള്ള ഇരുനില മന്ദിരത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ യാത്രക്കാർക്കായുള്ള ശീതീകരിച്ച വെയിറ്റിംഗ് റൂമും, സ്റ്റേഷൻ മാസ്റ്ററുടെ മുറി, അന്വേഷണ വിഭാഗം,ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വെയിറ്റിംഗ് മുറി , ഫീഡിങ് റൂം എന്നിവയും ഒന്നാം നിലയിൽ യൂണിറ്റ് ഓഫീസ്,മിനി കോൺഫറൻസ് ഹാൾ,ടിക്കറ്റ് ക്യാഷ് കൗണ്ടർ,സ്റ്റോർ,ശുചിമുറികൾ എന്നിവയും ബസ് സ്റ്റാന്റിൽ എത്തുന്ന യാത്രകാർക്ക് സൗകര്യപ്രദമായി സമയ ക്രമവും മറ്റ് അറിയിപ്പുകളും ദൃശ്യമാകുന്ന എൽ ഇ ഡി ഡിസ്പ്ലേ യും സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം എട്ടു ബസുകൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള റൂഫും ടെർമിനലിനോട് അനുബന്ധമായി നിർമ്മിച്ചിട്ടുണ്ട്. ലയൺസ് ക്ലബ് ഗ്രേറ്റർ കോതമംഗലം & ലയൺസ് ക്ലബ് ഈസ്റ്റ് കോതമംഗലം, ശ്രീധരീയം എന്നീ ക്ലബ്ബുകൾ ചേർന്നാണ് യാത്രക്കാർക്ക് ആയിട്ടുള്ള ശിതീകരിച്ച വിശ്രമമുറികൾ ഒരുക്കി നൽകിയിട്ടുള്ളത്.
ഡിപ്പോ ഹരിതാഭമാക്കുന്നതിനും, കമ്പ്യൂട്ടർ, ഫർണിച്ചർ ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും നിരവധി ആരാധനാലയങ്ങളും, സ്കൂളുകളും, കോളേജുകളും, ക്ലബ്ബുകളും,സംഘടനകളും,വ്യക്തികളുമൊക്കെ സഹായിച്ചിട്ടുണ്ട്.ഗ്രീൻ ടെർമിനൽ എന്നുള്ള നിലയിലാണ് കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്.
നാലര പതിറ്റാണ്ടോളം പ്രവർത്തന പാരമ്പര്യമുള്ള കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് പുതിയ ബസ് ടെർമിനലിലൂടെ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.ഈ പ്രവർത്തനത്തോട് സഹകരിച്ച എല്ലാവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും ഉദ്ഘാടന വേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു.
