കോതമംഗലം :കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനുമായി 6, 13,76,444.86/- രൂപയുടെ 7 പദ്ധതികൾ നടപ്പിലാക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിയമസഭയിൽ അറിയിച്ചു
. കോതമംഗലം നഗരത്തിലെ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പുവരുത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.കോതമംഗലം നഗരത്തിൽ വൈദ്യുതി തടസ്സം കുറക്കുന്നതിനും, സുരക്ഷിതവും, മെച്ചപ്പെട്ടതുമായ വോൾട്ടേജോടുകൂടിയ പവർ ലഭ്യമാകുന്നതിനുമായി പ്ലാൻ പദ്ധതികളായ ദ്യുതി, RDSS എന്നിവ നടപ്പിലാക്കിവരുന്നു. ഇവയുടെ വിശദാംശ ങ്ങളും നിലവിലെ സ്ഥിതിയും അനുബന്ധമായി ചേർക്കുന്നു.
ഇലക്ട്രിക്കൽ സെക്ഷൻ കോതമംഗലം 1 ന് കീഴിൽ – 1.8 കിലോമീറ്റർ ഭൂഗർ കേബിൾ കോതമംഗലം 220 കെ വി സബ് സ്റ്റേഷൻ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെ സ്ഥാപിക്കൽ,കോതമംഗലം സെക്ഷൻ -1 ന് കീഴിൽ – 2.2 കിലോമീറ്റർ ഭൂഗർഭ കേബിൾ വിമലഗിരി ജംഗ്ഷൻ മുതൽ ഗ്യാസ് ഗോഡൗൺ (ബൈപ്പാസ് വഴി) വരെ സ്ഥാപിക്കൽ, കോതമംഗലം സെക്ഷൻ -2 ന് കീഴിൽ 1.5 കിലോമീറ്റർ ഭൂഗർഭ കേബിൾ കോതമംഗലം 220 കെ വി സബ്സ്റ്റേഷൻ മുതൽ എം എ ഇന്റർനാഷണൽ സ്കൂൾ വരെ സ്ഥാപിക്കൽ എന്നീ 3 പ്രവർത്തികൾ RDSS പദ്ധതിയിൽ ഉൾപ്പെടുത്തിയും, കോതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ 1 ന് കീഴിൽ നങ്ങേലിപ്പടിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, കോതമംഗലം സെക്ഷൻ 1 ഇളമ്പ്ര ട്രാൻസ്ഫോർമറിന് കീഴിൽ 3.3 കിലോമീറ്റർ LT ലൈൻ റീ കണ്ടക്ടറിങ്, കോതമംഗലം സെക്ഷൻ 1- കള്ളാട് ട്രാൻസ്ഫോർമറിന് കീഴിൽ 3.4 കിലോമീറ്റർ LT ലൈൻ റീ കണ്ടക്ടറിങ്, കോതമംഗലം സെക്ഷൻ 1- മിനിപ്പടി ട്രാൻസ്‌ഫോർമറിന് കീഴിൽ 3.4 കിലോമീറ്റർ LT ലൈൻ റീ കണ്ടക്ടറിങ് എന്നീ നാലു പ്രവർത്തികൾ ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് നിർവഹിക്കുന്നതെന്നും നിലവിൽ 3 പദ്ധതികൾ പൂർത്തീകരിച്ചതായും അവശേഷിക്കുന്ന പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി സഭയിൽ അറിയിച്ചു.
