വാരപ്പെട്ടി: ജലവിതരണം വിച്ഛേദിച്ച പൈപ്പ് ശരിയായ രീതിയില്‍ അടക്കാത്തതിനാല്‍ വാരപ്പെട്ടിയില്‍ കുടിവെള്ളം പാഴാകുന്നു. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിന് സമീപത്തു കൂടി ഇളങ്ങവത്തേക്കുള്ള റോഡിനരികില്‍ വട്ടപ്പറമ്പിലാണ് അഞ്ച് വര്‍ഷത്തോളമായി അധികൃതരുടെ അനാസ്ഥ മൂലം ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി പോകുന്നത്. കുമ്മന്‍ചേരി രക്‌നവല്ലിയുടെ വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ കിണര്‍ കുഴിച്ചതോടെ വിച്ഛേദിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ സ്വീകരിച്ച വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കണക്ഷന്‍ വിച്ഛേദിച്ച് മീറ്റര്‍ തിരിച്ചെടുത്തെങ്കിലും പൈപ്പ് കൃത്യമായി അടയ്ക്കാതെ സ്ഥലം വിടുകയായിരുന്നു.
കനാലിലൂടെ ഒഴുകുന്ന വെള്ളം സമീപത്തുള്ള റോഡിലേക്കും ഒഴുകുന്നതും മൂലം ഈ ഭാഗത്തുള്ള റോഡും ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഇതുകൂടാതെ സമീപ ഭാഗങ്ങളിലും നിരവധി ഭാഗത്ത് പൈപ്പ് പൊട്ടുകയും പൈപ്പുകള്‍ യോജിപ്പിച്ച സ്ഥലത്ത് ചോര്‍ച്ച സംഭവിച്ചു കുടിവെള്ളം പാഴാകുന്നുണ്ട്. ഇതുമൂലം ഉയര്‍ന്ന ഭാഗങ്ങളില്‍ ജലക്ഷാമം അനുഭവപ്പെടുന്നു. നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
