കോതമംഗലം: കനത്ത മഴയില്‍ നേര്യമംഗലം ടൗണില്‍ കടകളിലും വീടുകളിലും വീണ്ടും വെള്ളം കയറി. ഇന്നലെ രാത്രി ഏഴോടെ പെയ്ത മഴയില്‍ ടൗണിലെ താഴ്ഭാഗത്തുള്ള 15 കടകളും ടിബി ജംഗ്ഷനിലെ മൂന്നു വീടുകളുമാണു വെള്ളപ്പൊക്ക ഭീഷണിയിലായത്. ദേശീയപാത നവീകരിച്ചപ്പോഴുള്ള ഓട നിര്‍മാണത്തിലെ അപാകത മൂലം റോഡിലൂടെ ചെളിവെള്ളം കുത്തിയൊഴുകുകയായിരുന്നു.
ഗവ. ആശുപത്രിക്കു സമീപം നിലവിലെ കലുങ്ക് അടച്ച് ഓട നിര്‍മിച്ചതും പുതിയ ഓടയിലൂടെ വെള്ളം ഒഴുകാത്തതുമാണു പ്രശ്നം. വില്ലാഞ്ചിറ ഭാഗത്തു നിന്നുള്ള ഓടകള്‍ പൂര്‍ത്തിയാക്കാതെ ഇടവിട്ടു നിര്‍മിച്ചിരിക്കുന്നതും റോഡിലൂടെ മലവെള്ളപ്പാച്ചിലിനു കാരണമായി. കഴിഞ്ഞ 17ന് രാത്രിയും ടൗണില്‍ കടകളിലും വീടുകളിലും വെള്ളം കയറിയിരുന്നു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
