കീരംപാറ : കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ഭാഗത്തെ നാട്ടുകാർ. ചക്കപ്പഴം തേടിയെത്തുന്ന ആനക്കൂട്ടം വലിയതോതിലാണ് കൃഷിനാശം വരുത്തുന്നത്. പകലും വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ.
പുന്നേക്കാട്, കളപ്പാറ, കൂരികുളം, ഓടപ്പനാൽ, വെള്ളംകെട്ടുചാൽ, തെക്കുമ്മേൽ, കൃഷ്ണപുരം നഗർ എന്നിവിടങ്ങളിലെല്ലാം കാട്ടാനശല്യം കൂടുതലാണ്. വ്യാഴാഴ്ച വൈകീട്ട് കളപ്പാറ ഭാഗത്ത് എത്തിയ നാല് കൊമ്പന്മാരെ തുരത്താൻ പിന്നാലെ ഒച്ചവെച്ചും പടക്കംപൊട്ടിച്ചും നാട്ടുകാരും വനപാലകരും കഷ്ടപ്പെടുകയാണ്.ബുധനാഴ്ച രാത്രി പുത്തയത്ത് ഏലിയാസ് പോൾ, പുത്തയത്ത് മത്തായി, പുത്തയത്ത് തങ്കച്ചൻ, കാരഞ്ചേരി ബേസിൽ എന്നിവരുടെ പുരയിടത്തിലെത്തിയ ആനക്കൂട്ടം തെങ്ങും കവുങ്ങും വാഴയും ഇഞ്ചി, മഞ്ഞൾ കൃഷികളുമെല്ലാം നശിപ്പിച്ചു.ഏഴ് കൊമ്പനും മൂന്ന് പിടിയാനകളുമാണ് പുന്നേക്കാടിന്റെ ഉറക്കംകെടുത്തുന്നത്. രണ്ട് കൂട്ടമായി എത്തുന്ന ആനകൾ ഏതാനും ദിവസമായി പ്രദേശത്തെ പറമ്പുകളിലൂടെയാണ് സഞ്ചാരം. ഏലിയാസിന്റെ വീടിന് മുന്നിൽവെച്ചിരുന്ന പ്ലാസ്റ്റിക് ഡ്രമ്മിൽനിന്ന് വെള്ളംകുടിച്ച് തെങ്ങും മറിച്ചിട്ടാണ് കൊമ്പൻ പോയത്. പെരിയാർ കടന്നെത്തുന്ന ആനകൾ ചേലമലയിൽ തമ്പടിച്ചാണ് കൃഷിയിടത്തിലേക്ക് എത്തുന്നത്. ആനയെ ഓടിച്ച് വാച്ചർമാരും നാട്ടുകാരും മടുത്തു.
