കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി ഹാൾ നവീകരണം, മിനി സ്റ്റേഡിയം നിർമ്മാണം, ലൈബ്രറിക്ക് ഉപകരണം വാങ്ങൽ, പൊതു കിണറുകളുടെ നവീകരണം, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ എന്നിങ്ങനെ വിവിധ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി
പിണവൂർ കുടിയിൽ ഊരുകൂട്ടം ചേർന്നു.പിണവൂർ നഗർ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ചേർന്ന ഊരു കൂട്ടം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വാർഡ് മെമ്പർ ബിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡന്റ് സൽമ പരീത്,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,മുവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മനോജ് കെ ജി,KEL പ്രോജക്ട് മാനേജർ ഫവാസ് റഹ്മാൻ, ഇടമലയാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അന്നമ്മ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഇന്ദിരകുട്ടി രാജു,ആനന്ദൻ ക്കുടി ഊരു മൂപ്പൻ ശ്രീധരൻ കെ കെ, വെളിയത്തു പറമ്പ് ഊര് മൂപ്പത്തി ശോഭന മോഹനൻ
എന്നിവർ പങ്കെടുത്തു.
