കോതമംഗലം: മലങ്കര യാക്കോബായ സുറിയാനിസഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം, മാർ അത്തനേഷ്യസ് കോളേജിലെ സെൻ്റ്. ജെയിംസ് ചാപ്പലിൽ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് കോളേജ് എൻ സി സി ബാൻ്റിൻ്റെ അകമ്പടിയോടൊപ്പം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന വിശ്വാസിസമൂഹം മെഴുകുതിരികൾ തെളിച്ച് ഘോഷയാത്രയോടുകൂടിയാണ് ശ്രേഷ്ഠ ആചാര്യനെ വരവേറ്റത്. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപകസാരഥി പ്രൊഫ. എം.പി. വർഗ്ഗീസിൻ്റെ പ്രതിമയ്ക്ക് മുൻപിൽ ശ്രേഷ്ഠ കാതോലിക്ക ബാവ പുഷ്പങ്ങൾ സമർപ്പിച്ചു.
മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി, ഡോ. വിന്നി വർഗീസ് സ്വീകരണസമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ രക്ഷാധികാരികൂടിയാണ് മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക , ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവയെന്ന് ഡോ. വിന്നി വർഗീസ് അറിയിച്ചു. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം ആദ്ധ്യക്ഷം വഹിച്ചു. കോതമംഗലം മേഖല മെത്രാപോലീത്ത ഏലിയാസ് മാർ യൂലിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. സുപ്രീം കോടതി മുൻ ജഡ്ജ്, ജസ്റ്റിസ് (റിട്ട.) സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സ്നേഹത്തിൻ്റെയും നേതൃപാടവത്തിൻ്റെയും മികച്ച മാതൃകയായ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക, ബസേലിയോസ് ജോസഫ് ബാവയ്ക്ക് സഭയെ പ്രതിസന്ധികളിൽ ദിശാബോധത്തോടെ നയിക്കാൻ കഴിയട്ടെയെന്ന് ജസ്റ്റിസ് (റിട്ട.) സിറിയക് ജോസഫ് ആശംസിച്ചു. തുടർന്ന്
ആബൂൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാബാവ ആശീർവദിച്ച് അനുഗ്രഹപ്രഭാഷണം നടത്തി.
വിദ്യാസമ്പന്നർ വർദ്ധിക്കുമ്പോഴും സമകാലസമൂഹത്തിൽ തിന്മകളുടെ അന്ധകാരം കുറയുന്നില്ല എന്നത് വെല്ലുവിളിയായി വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരിച്ചറിയണമെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി. പ്രൊഫ. എം.പി. വർഗ്ഗീസിൻ്റെ ദീർഘവീക്ഷണത്തിൽ പടുത്തുയർത്തപ്പെട്ട മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾ, യാക്കോബായ സുറിയാനി സഭയ്ക്ക് അഭിമാനകരമായ വിധം ലോകത്തിനു മാതൃകയായി വളരട്ടെയെന്ന് ശ്രേഷ്ഠ ബാവ ആശംസിച്ചു. സഭാചിഹ്നം മുദ്രണം ചെയ്ത സ്വർണ്ണമോതിരം ഉപഹാരമായി മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി, ഡോ. വിന്നി വറുഗീസ് ശ്രേഷ്ഠ ബാവയ്ക്ക് നൽകി.
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഡോ. മാത്യൂസ് മാർ അപ്രേം അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് യോഗം ആരംഭിച്ചത്. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി., ആൻ്റണി ജോൺ എം. എൽ എ., ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ., മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ്) പ്രിൻസിപ്പൽ, ഡോ. ബോസ് മാത്യു ജോസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്)പ്രിൻസിപ്പൽ, ഡോ. മഞ്ജു കുര്യൻ യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു. സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രമുഖരും മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗങ്ങൾ, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, വിരമിച്ച അധ്യാപകർ, അനധ്യാപകർ ഉൾപ്പെടെ വൻ ജനാവലി ചടങ്ങിൽ പങ്കെടുത്തു.
