കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വിജയം കണ്ടതെന്നും, ആലുവ – മൂന്നാര്‍ രാജപാത എത്രയും വേഗം തുറന്നു കിട്ടണമെന്നും കോതമംഗലം രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ പയസ് മലേക്കണ്ടത്തില്‍ പറഞ്ഞു.
ആലുവ – മൂന്നാര്‍ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ച് 16-ന് പൂയംകുട്ടിയില്‍ നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ്, കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍, മറ്റ് ജനപ്രതിനിധികള്‍, പുരോഹിതര്‍. പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. സമരവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസും പിന്‍വലിക്കാന്‍ വ്യവസായ വകുപ്പുമന്ത്രിയുടെ ചേയ്ബറില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി. വ്യവസായ വകുപ്പുമന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍, കോതമംഗലം എം.എല്‍.എ ആന്റണി ജോണ്‍. കോതമംഗലം രൂപത പ്രതിനിധി ഫാദര്‍ അരുണ്‍ വലിയതാഴത്ത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ ഐ.എഫ്.എസ്, ഡി.സി.എഫ് എം.വി.ജി.കണ്ണന്‍ ഐ.എഫ്.എസ് എന്നിവര്‍ പങ്കെടുത്തു.
