തിരുവനന്തപുരം: ആലുവ – മൂന്നാർ രാജപാത തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാർച്ച് 16-ന് പൂയംകുട്ടിയിൽ നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ്. കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, മറ്റ് ജനപ്രതിനിധികൾ, പുരോഹിതർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. സമരവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസും പിൻവലിക്കാൻ വ്യവസായ വകുപ്പുമന്ത്രിയുടെ ചേയ്ബറിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി.
ആലുവ – മൂന്നാർ രാജപാത സംബന്ധിച്ച നിലവിലുള്ള തർക്കങ്ങളും വസ്തുതകളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി നൽകുന്നതിന് പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്‌മെന്റ്റ്) രാജേഷ് രവീന്ദ്രൻ ഐ.എഫ്.എസ്-നെ യോഗം ചുതമലപ്പെടുത്തി. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുവാനും നിർദ്ദേശിച്ചു. ബഹു. വ്യവസായ വകുപ്പുമന്ത്രി ശ്രീ. പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. വനം-വന്യജീവി വകുപ്പുമന്ത്രി ശ്രീ.എ.കെ.ശശീന്ദ്രൻ, കോതമംഗലം എം.എൽ.എ ശ്രീ. ആൻ്റണി ജോൺ, കോതമംഗലം രൂപത പ്രതിനിധി ഫാദർ അരുൺ വലിയതാഴത്ത്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ്, ഡി.സി.എഫ് എം.വി.ജി.കണ്ണൻ ഐ.എഫ്.എസ് എന്നിവർ പങ്കെടുത്തു.
