കോതമംഗലം: അങ്കമാലി മേഖല ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തും നിന്നും സ്ഥാനത്യാഗം ചെയ്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദിത്വീയൻ പാത്രിയർക്കീസ് ബാവ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കല്പന ഇന്ന് അങ്കമാലി ഭദ്രാസനങ്ങളിലെ മുഴുവൻ പള്ളികളിലും വായിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തതിനാൽ അങ്കമാലി ഭദ്രാസനത്തിന്റെ മുഴുവൻ ചുമതലയും സഭാ ഭരണഘടന പ്രകാരം നിയുക്ത കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായ്ക്ക് നൽകിയതായും പരിശുദ്ധ ബാവായുടെ കല്പനയിലൂടെ അറിയിച്ചു.
2024 ജനുവരിയിൽ മോർ സേവേറിയോസ് എബ്രഹാം തിരുമേനി പരി. പാത്രിയർക്കീസ് ബാവയ്ക്ക് താൻ അങ്കമാലി മേഖല ഭരണം ഒഴിയുകയാണെന്നുള്ള കത്ത് കൈമാറിയിരുന്നു. അന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ആവശ്യപ്പെട്ടത് പ്രകാരം ശ്രേഷ്ഠ ബാവ കാലം ചെയ്യുന്നതു വരെ ആ സ്ഥാനത്ത് തുടരണമെന്നുള്ള ബാവയുടെ ആഗ്രഹപ്രകാരം തുടരുകയായിരുന്നു. തുടർന്ന് അങ്കമാലി ഭദ്രാസനം, അങ്കമാലി മേഖല എന്നിവയുടെ ചുമതലകളിൽ നിന്ന് തന്റെ അനാരോഗ്യം നിമിത്തം വിടുവിക്കണം എന്നുള്ള അപേക്ഷ, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് മുമ്പാകെയും, പരിശുദ്ധ പാത്രിയർക്കീസ് ബാവയ്ക്കും അഭിവന്ദ്യ സേവേറിയോസ് നൽകിയിരുന്നു. പരിശുദ്ധ ബാവയും പരിശുദ്ധ സുന്നഹദോസും അംഗീകരിക്കുകയും ചെയ്തു.
1982 മാർച്ച് 6ന് കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മോർ സേവേറിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചത്.