കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പച്ചക്കറി തോട്ടനിർമ്മാണം ആരംഭിച്ചു.താലൂക്ക് ആശുപത്രിയും, കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് മുപ്പത്തിനായിരം രൂപ കൃഷി വകുപ്പ് അനുവദിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയിൽ തരിശായി കിടക്കുന്ന 30 സെന്റ് ഭൂമിയിലാണ് കൃഷിയിറക്കുന്നത്.കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കി നിലമൊരുക്കുന്ന പ്രവർത്തങ്ങൾക്കാണ് താലൂക്ക് ആശുപത്രിയിൽ തുടക്കം കുറിച്ചത്.
കോതമംഗലം മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.വാരപ്പെട്ടി എൻ എസ് എസ് സ്കൂളിലെ 1982 SSLC ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയാണ് നിലമൊരുക്കുന്നത്.ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ, വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാരവാഹികളായ ഏലിയാസ് കെ ജോസ്, കെ കെ സജീവ്, പി കെ മണിക്കുട്ടൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പച്ചക്കറിതോട്ടം യാഥാർദ്യമാകുന്നത്തോടെ വിശപ്പ് രഹിത ആശുപത്രി പദ്ധതിയുടെ ഭാഗമായ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ ആശുപത്രിയിൽ തന്നെ വിഷരഹിതമായി ഉത്പാദിപ്പിക്കാൻ കഴിയും.